1

കുളത്തൂർ:സേവന - വേതന വ്യവസ്ഥകൾ വെട്ടിക്കുറച്ചതിനെതിരെ വി.എസ്.എസ്.സിയിലെ കരാർ തൊഴിലാളികൾ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടതോടെ വി.എസ്.എസ്.സിയിലെ ശുചീകരണ പ്രവർത്തനം താറുമാറായി. ശുചീകരണ - ഗാർഡൻ - കാന്റീൻ തൊഴിലാളികളാണ് സമരത്തിലുള്ളത്. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ ജോലിക്ക് കയറാതെയാണ് വേളിമലയിലും കനാൽ ഗേറ്റിലും ഇൻസ്റ്റെഫിലെയും പ്രധാന കവാടങ്ങളിൽ സമരം നടത്തുന്നത്.മുൻ വർഷങ്ങളിലെ തുകയേക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ സ്വന്തമാക്കിയ പുതിയ കരാറുകാരാണ് ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത്. കരാർ ഉറപ്പിക്കുന്ന സമയത്ത് അംഗീകൃത സൊസൈറ്റികൾക്ക് വി.എസ്.എസ്.സി മുൻഗണന നൽകുന്നതിനാൽ ഇത്തവണ കരാറെടുത്തവർ സൊസൈറ്റികൾക്ക് രൂപം നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് കരാർ സ്വന്തമാക്കിയത്. ശമ്പളത്തിൽ പ്രോവിഡന്റ് ഫണ്ടായി 167 രൂപയും ഇ.എസ്.ഐ 27 രൂപയും പിടിച്ച് 668 രൂപയാണ് തൊഴിലാളികൾക്ക് ദിവസവേതനമായി നൽകിയിരുന്നത്. ഇതാണ് കുറച്ചത്. ഓരോ വർഷവും ഒരു നിശ്ചിത ശതമാനം തുക വേതനത്തിൽ വർദ്ധന വരുത്താറുണ്ട്.എന്നാൽ ഇത്തവണ വർദ്ധനവിന് പകരം കുറവ് വരുത്തുകയും കരാർ കാലാവധി രണ്ടുവർഷമാക്കുകയും ചെയ്തതോടെയാണ് ജീവനക്കാർ സമരവുമായി രംഗത്തെത്തിയതെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സുരേഷ്ബാബു,വി.ചന്ദ്രബാബു,ബാദുഷ, സുധീഷ് കുമാർ,നിസാം,സാബു എന്നിവർ പറഞ്ഞു.