വിഴിഞ്ഞം: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ച കേസിൽ സംഭവസ്ഥലത്തെ സി.സി ടിവി കാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.
മദ്യപസംഘത്തിന്റെ താവളമായ കെട്ടിടത്തിന്റെ പുറത്തുവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി ടിവിയിൽ ഇല്ലെന്നാണ് സൂചന. കുത്ത് കിട്ടിയ ശേഷം കൊല്ലപ്പെട്ട സജികുമാർ ഈ കെട്ടിടത്തിലേക്ക് വരുന്നതും കേസിൽ ഒളിവിൽ കഴിയുന്ന കെട്ടിട ഉടമ ഇയാളെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നതും ദൃശ്യത്തിലുണ്ട്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകമാണിതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ഒളിവിലുള്ള മൂന്നുപേരെ പിടികൂടി ചോദ്യം ചെയ്‌താലേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.
കുത്താനുപയോഗിച്ച കത്തി രണ്ടാംപ്രതി കോരാളി രാജേഷിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽ നിന്ന് ഇന്നലെ രാത്രി 7.30ഓടെ പൊലീസ് കണ്ടെടുത്തു.
വിഴിഞ്ഞം ഉച്ചക്കട മരുതൂർക്കോണം റോഡിൽ 3ന് രാത്രി നടന്ന സംഭവത്തിൽ പയറ്റുവിള ആർ.സി ചർച്ചിനു സമീപം തേരിവിള പുത്തൻ വീട്ടിൽ ബി.സജികുമാറാണ് കുത്തേറ്റു മരിച്ചത്. പ്രതികളായ പയറ്റുവിള വട്ടവിളയിൽ മാക്കാൻ ബിജു എന്ന വിജുകുമാർ (42), കുഴിവിള വടക്കരികത്ത് പുത്തൻവീട്ടിൽ കോരാളൻ എന്ന രാജേഷ് (45) എന്നിവരെ സംഭവ സ്ഥലത്തെത്തിച്ചശേഷം ഇവരുടെ സാന്നിദ്ധ്യത്തിലാണ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചത്.
സ്ഥിരമായി പണം നൽകാതെ മദ്യപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ പ്രതികൾക്ക് സങ്കേതത്തിൽ പ്രവേശിക്കുന്നതിന് ഉടമ വിലക്ക് ഏർപ്പെടുത്തിയതാണ് വൈരാഗ്യത്തിനു കാരണം. സമീപത്തെ ആക്രിക്കട വളപ്പിലേക്ക് കത്തിവലിച്ചെറിഞ്ഞെന്ന പ്രതികളുടെ മൊഴിയെ തുടർന്ന് അവിടെ തെരച്ചിൽ നടത്തിയിരുന്നു. മൂന്നു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്.