വിഴിഞ്ഞം: വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ കടയുടമയെ ബൈക്കിലെത്തിയ സംഘം മർദ്ദിച്ച് പണം കവർന്നു. എ.എം.കെ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഇബൻ മഷ്റൂദിന്റെ (58) ഷർട്ടിന്റെ പോക്കറ്റ് വലിച്ച് കീറിയാണ് 2000 രൂപ തട്ടിയെടുത്തത്. തടയാനെത്തിയ മകൻ ഷാഹുൽ ഹമീദിനും (19) മർദ്ദനമേറ്റു.

ഇന്നലെ രാത്രി 9ഓടെ കടയടയ്ക്കുന്ന സമയത്ത് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ രണ്ടുപേർ ബൈക്കിലെത്തി സംസാരിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നെന്ന് കടയുടമ പറഞ്ഞു. തറയിൽ വീണ 500 രൂപ തിരികെ കിട്ടി. 28 വയസ് പ്രായം തോന്നിക്കുന്നയാളാണ് പണം തട്ടിയത്. ഒപ്പമുണ്ടായിരുന്നയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്‌ത് വച്ചിരിക്കുകയായിരുന്നു. പരിക്കേറ്റ ഇബൻ മഷ്റൂദും ഷാഹുൽ ഹമീദും ആശുപത്രിയിൽ ചികിത്സതേടി. ഇന്ന് പൊലീസിൽ പരാതി നൽകും.