
മാറ്റുവിൻ ചട്ടങ്ങളെയെന്നുറക്കെപ്പാടിയ മഹാകവിയുടെ പ്രതിമയെ സാക്ഷിനിറുത്തി തലയെടുപ്പോടെ നിൽക്കുന്ന കേരള സർവകലാശാലയെപ്പറ്റി പരാതികൾ കേട്ട് തുടങ്ങിയിട്ട് കാലം വളരെയായി. മുൻപെല്ലാം ആദ്യ ചാൻസിൽ എസ്.എസ്.എൽ.സി ജയിക്കുകയെന്നാൽ ഒരു വലിയ കാര്യമായിരുന്നു. ഹൈസ്കൂളുകളും വിരളം! ആദ്യ ചാൻസിൽ നല്ല മാർക്കോടെ എസ്.എസ്.എൽ.സി ജയിച്ചാലും കോളേജുകളുടെ കുറവ് കാരണം എല്ലാപേർക്കും കോളേജ് വിദ്യാഭ്യാസം സാദ്ധ്യമായിരുന്നില്ല.
എസ്.എസ്.എൽ.സി നല്ല മാർക്കോടെ ജയിച്ചവരും, കായികശേഷിയുള്ളവരും ഇന്ത്യയുടെ മഹത്തായ പ്രതിരോധസേനയിൽ അഭയം തേടി. പ്രതികൂല സാഹചര്യങ്ങളിലും സാങ്കേതികവിദ്യയുടെയും ഈറ്റില്ലമായ ഇന്ത്യൻ പ്രതിരോധസേനയിലും വിദ്യാഭ്യാസം തുടർന്നു. അവിടെ നിന്നും പഠിച്ച് നേടിയ വിദ്യാഭ്യാസ യോഗ്യതകൾ കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസത്തിന് അംഗീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ തലയെടുപ്പുള്ള 13 യൂണിവേഴ്സിറ്റികൾ വിമുക്തഭടന്മാർക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുവാദം കൊടുത്തിട്ടും കേരള യൂണിവേഴ്സിറ്റി അനങ്ങാപ്പാറ നയം തുടരുന്നു.
ശശി കെ. വെട്ടൂർ
കല്ലമ്പലം
ആശുപത്രികളുടെ പെരുമാറ്റ വ്യത്യാസം
കേരളകൗമുദിയിൽ പത്രപ്രവർത്തകനായ കൊടുമൺ സി.വി. ചന്ദ്രന് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നേരിട്ട അനുഭവം വായിച്ചു. കുറെനാൾ മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും എനിക്കു നേരിട്ട ദുരനുഭവമാണ് ഇവിടെ പറയുന്നത് .
വളരെ അത്യാസന്ന നിലയിലുള്ള ഒരു രോഗിയുമായി കഴിഞ്ഞ ദിവസം 108 ആംബുലൻസിൽ ഞാൻ ആർ.സി.സിയിൽ എത്തി. (ആർ.സി.സിയിൽ ചികിത്സയിലുള്ള രോഗിയായിരുന്നു)
വേദനകൊണ്ട് പുളയുന്ന രോഗിക്ക് അടിയന്തരമായി നെഫ്രോളജി ഡോക്ടറുടെ സേവനം ആവശ്യമായി വന്നു. ആർ.സി.സിയിൽ നെഫ്രോളജി ഡോക്ടർ ഇല്ലാതിരുന്നതുകൊണ്ട് ആർ.സി.സിയിലെ ആംബുലൻസിൽ അവിടത്തെ ഒരു ഡോക്ടർ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കാഷ്വാലിറ്റിയിൽ എത്തി. (രാത്രി1 മണി) ദയനീയവും വർണനാതീതവും ഞെട്ടിക്കുന്നതുമായിരുന്നു അവിടത്തെ അവസ്ഥ. രോഗിയെ ഒരു ട്രോളിയിൽ കാഷ്വാലിറ്റിയിലെ ഡോക്ടറുടെ അടുത്ത് എത്തിക്കാൻ പോലും നന്നേ ബുദ്ധിമുട്ടി.
അകത്തുപോയി വല്ലവിധേനയും ഒരു ട്രോളി ഉരുട്ടി രോഗിയെ കയറ്റികിടത്തി വളരെ ബുദ്ധിമുട്ടി ഡോക്ടറുടെ സമീപത്ത് എത്തിച്ചു. ഈ സമയം ഒന്നും തന്നെ അവിടത്തെ ഒരു ജീവനക്കാരനും സഹായിക്കാനെത്തിയില്ല.
വേദനകൊണ്ടു പുളയുന്ന രോഗിയെ ഡോക്ടർ ഒന്നു നോക്കാൻ ഏറെ സമയമെടുത്തു. അത് എന്നിലെ പൗരബോധം ഉണർത്തി. വളരെ നിർബന്ധപൂർവം ഡോക്ടറുമായി സംസാരിച്ചപ്പോൾ എഴുന്നേറ്റ് വന്ന് രോഗിയെ നോക്കി.
വേദനയ്ക്ക് ഒരു ഇഞ്ചക്‌ഷൻ എടുക്കാൻ ഏതാണ്ട് ഒരുമണിക്കൂറെടുത്തു. സംഗതി പന്തിയല്ലെന്നു മനസിലാക്കി നിർബന്ധപൂർവം ഞാൻ രോഗിയെ അവിടെനിന്നും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു. ഡോക്ടറുടെ തീരുമാനത്തിന് വിരുദ്ധമായി എന്റെ സ്വന്തം ഇഷ്ടപ്രകാരവും ഉത്തരവാദിത്വത്തിലുമാണ് രോഗിയെ കൊണ്ടുപോകുന്നതെന്ന് എഴുതി ഒപ്പിട്ട് വാങ്ങിയതിനുശേഷമാണ് രോഗിയെ വിട്ടുതന്നത്.
നേരെ സ്വകാര്യ ആശുപത്രിയിൽ എത്തിയതും ട്രോളിയുമായെത്തിയ നാല് ജീവനക്കാർ രോഗിയുമായി അത്യാഹിത വിഭാഗത്തിലേക്കു പാഞ്ഞു.
പിന്നീട് ചികിത്സയുടെ ഗതിതന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മാറി. മൂന്നു നാല് ഡോക്ടർമാർ ആധുനിക ഉപകരണങ്ങളുമായി രോഗിയെ ഏറ്റെടുത്തു. ആവശ്യമായ ടെസ്റ്റുകളും വളരെ വേഗത്തിൽ നടന്നു. അതിലും വേഗത്തിൽ രോഗിക്ക് ആശ്വാസവും ആയി. ഇപ്പോൾ ഐ.സി.യുവിൽ നിന്നും തിയേറ്ററിലേക്കു മാറ്റി ഇ.സി.ജിയിൽ വേരിയേഷൻ വന്നതുകൊണ്ടും പ്രഷർ ലോ ആയതുകൊണ്ടും ഓപ്പറേഷൻ നടത്തിയില്ല. ഇപ്പോൾ കാർഡിയോയുടെ ഐ.സി.യുവിലേക്കു മാറ്റി.
വി.ഐ.പികൾക്കു ആശുപത്രികളിൽ നല്ല സേവനം ലഭിക്കുമായിരിക്കും! എന്നാൽ വോട്ട് കുത്തുന്ന പാവം പ്രജകളെക്കൂടി ഒന്ന് ഓർക്കണേ.
മണ്ണടി പുഷ്‌പാകരൻ
കടമ്പനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം