
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിശ്ചയിക്കുന്നത് എല്ലാ വർഷവും വിവാദത്തിനും പരാതികൾക്കും ഇടയാക്കാറുണ്ട്. കൂടിയ
ഫീസ് നിശ്ചയിക്കുകയും പിന്നീട് കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത് പതിവാണ്. കേരളത്തിൽ 19 സ്വാശ്രയ മെഡിക്കൽ കോളേജുകളാണുള്ളത്. മെഡിസിന് അഡ്‌മിഷൻ കിട്ടുക എന്നത് സയൻസ് വിഷയം എടുക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും ആഗ്രഹമാണ്. ഡോക്ടർ എന്ന പ്രൊഫഷന് ഉയർന്ന സ്ഥാനമാണ് സമൂഹം നൽകുന്നത്. അതിനാൽ എത്ര പണം ചെലവാക്കേണ്ടിവന്നാലും മെഡിക്കൽ പ്രവേശനവും പഠനവും പൂർത്തിയാക്കാനാണ് ഏവരും ശ്രമിക്കുക. നീറ്റിൽ ഉയർന്ന റാങ്ക് കിട്ടിയിട്ടും സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ലക്ഷങ്ങൾ വരുന്ന പ്രതിവർഷ ഫീസ് കൊടുക്കാനില്ലാത്തതിനാൽ പിൻവാങ്ങേണ്ടിവരുന്ന നിർദ്ധനരായ വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. ഇവർക്കെല്ലാം ആശ്വാസമായാണ് രാജ്യത്തെ എല്ലാ സ്വകാര്യ, സ്വാശ്രയ, ഡീംഡ് മെഡിക്കൽ കോളേജുകളിലെ ബിരുദ, ബിരുദാനന്തര സീറ്റുകളിൽ സർക്കാർ ഫീസിൽ പ്രവേശനം നൽകണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ ഉത്തരവ് വന്നത്. ഈ ഉത്തരവിനെ എതിർക്കേണ്ടെന്ന് സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റുകൾ തീരുമാനിച്ചിരിക്കുന്നതിനെ സഹർഷം സ്വാഗതം ചെയ്യേണ്ടതാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ വാർഷിക ഫീസ് മുപ്പതിനായിരം രൂപയിൽ താഴെയാണ്. ഈ നിരക്കിൽ സ്വാശ്രയ കോളേജുകളിലെ പകുതി സീറ്റിൽ പഠിക്കാൻ കഴിയുക എന്നത് വളരെ വലിയ കാര്യമാണ്. പണമില്ലാത്തതിന്റെ പേരിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനാവസരം നഷ്‌ടപ്പെടുകയുമില്ല. കാരണം എല്ലാ മിടുക്കരെയും ഉൾക്കൊള്ളാൻ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മാത്രം കഴിയില്ല. ഇനി മുതൽ നീറ്റ് എൻട്രൻസിൽ നല്ല സ്കോർ ലഭിക്കുന്നവർക്ക് പകുതി സീറ്റോളം സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജിലും ലഭിക്കും. ബാക്കി പകുതി സീറ്റുകളിൽ കോളേജിന്റെ പ്രവർത്തന ചെലവിന്റെ അടിസ്ഥാനത്തിൽ ഫീസ് നിശ്ചയിക്കാൻ അനുവദിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം തികച്ചും ന്യായമാണ്. അതിന് സർക്കാർ അനുമതി നൽകുമെന്നും പ്രതീക്ഷിക്കാം. കേരളത്തിൽ സ്വാശ്രയ കോളേജുകൾ തുടങ്ങിയപ്പോൾ രണ്ട് സ്വാശ്രയ കോളേജുകൾ ഒരു സർക്കാർ കോളേജിന് തുല്യം എന്നാണ് പറഞ്ഞിരുന്നത്. അന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകൾക്കും മറ്റും അനുമതി നൽകിയപ്പോൾ പകുതി സീറ്റിൽ സർക്കാർ ഫീസിൽ പഠിപ്പിക്കുമെന്നായിരുന്നു ധാരണ. എന്നാൽ ഇതുസംബന്ധിച്ച് സർക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും തമ്മിൽ കരാർ ഉണ്ടാക്കിയിരുന്നില്ല. അതിനാൽ ഫീസിന്റെ കാര്യത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണം അവർ അംഗീകരിച്ചില്ല. കോടതിയിൽ പോയപ്പോൾ സർക്കാരുമായി ഇതുസംബന്ധിച്ച കരാർ ഇല്ലാത്തതിനാൽ മാനേജ്‌മെന്റുകൾക്ക് അനുകൂലമായാണ് പല വിധികളും വന്നത്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മിഷന്റെ ഉത്തരവ് മാനേജ്‌മെന്റുകൾക്ക് തള്ളിക്കളയാനാകില്ല. കാരണം എല്ലാ കോളേജുകളും എൻ.എം.സിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 85 ശതമാനം സീറ്റിലും പ്രതിവർഷം 6.95 ലക്ഷം രൂപയാണ് ഫീസ്. അതാണ് പകുതി സീറ്റിൽ 27,580 രൂപയായി മാറുന്നത്. മിടുക്കരായ കുട്ടികൾ വരുമ്പോൾ പഠന നിലവാരവും കോളേജിന്റെ പേരും ഉയരാനിടയാകും.