thozhilurappu

ഡോ. മൻമോഹൻ സിംഗിന്റെ ഒന്നാം യു.പി.എ ഗവൺമെന്റ് കൊണ്ടുവന്ന ജനപ്രിയ പദ്ധതികളിൽ ഏറ്റവും പ്രകീർത്തിക്കപ്പെട്ടത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ്. വർഷത്തിൽ അധിക ദിവസവും തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുന്ന ഗ്രാമീണ ജനതയ്ക്ക് വരുമാനം ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് വൻ സ്വീകാര്യതയാണു ലഭിച്ചത്. പദ്ധതിയിൽ ഉൾപ്പെടുന്ന കുടുംബത്തിലെ ഒരാൾക്ക് വർഷത്തിൽ നൂറുദിവസമെങ്കിലും തൊഴിൽ ഉറപ്പാക്കണമെന്നാണ് വ്യവസ്ഥ. പലപ്പോഴും അതു കഴിഞ്ഞിരുന്നില്ലെന്നതു വേറെ കാര്യം. എങ്കിലും കോടിക്കണക്കിനു കുടുംബങ്ങൾ ഈ പദ്ധതിയുടെ നേട്ടം അനുഭവിക്കുന്നവരാണ്. നൂറുരൂപയിൽ തുടങ്ങിയ കൂലി മുന്നൂറു രൂപയിലധികമായിട്ടുണ്ട്. ഏറ്റവുമധികം തൊഴിൽരഹിതരുള്ള യു.പി, മദ്ധ്യപ്രദേശ്, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളാണ് പദ്ധതി നന്നായി പ്രയോജനപ്പെടുത്തുന്നത്.

തൊഴിലുറപ്പു പദ്ധതിക്കുള്ള ബഡ്‌ജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറച്ചതിനെച്ചൊല്ലി വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഗ്രാമവികസനവുമായി ബന്ധപ്പെട്ട പാർലമെന്റ് സമിതി യോഗം ചേർന്നത്. രണ്ടുവർഷം മുമ്പ് കൊവിഡ് മഹാമാരിയെത്തുടർന്ന് 1.11 ലക്ഷം കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. എന്നാൽ പുതിയ ബഡ്‌ജറ്റിൽ 73,000 കോടി രൂപയേ തൊഴിലുറപ്പിനായി മാറ്റിവച്ചിട്ടുള്ളൂ. മുൻവർഷം ഇത് 98000 കോടിയായിരുന്നു. പാവപ്പെട്ടവർ കൂടുതൽ തൊഴിലിനും വേതനത്തിനും വേണ്ടി മുറവിളി കൂട്ടുമ്പോൾ ഉള്ള വേതനം തന്നെ ഇല്ലാതാകുന്നത് വിരോധാഭാസമാണ്.

തൊഴിലുറപ്പു പദ്ധതി വഴി വർഷം 150 ദിവസമെങ്കിലും തൊഴിൽ നൽകാൻ കഴിയണമെന്നാണ് പാർലമെന്ററി സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. വേതനത്തിലും വർദ്ധന വേണമെന്ന് ആവശ്യപ്പെട്ടുണ്ട്. ഇപ്പോൾ ഓരോ സംസ്ഥാനത്തും ഭിന്നരീതിയിലാണ് വേതനം. 193 രൂപ മുതൽ 320 രൂപ വരെയാണത്. ഒരേതരം പ്രവൃത്തിക്ക് കൂലി പലതരമാകുന്നത് ന്യായീകരിക്കാനാവില്ല. നടപ്പുവർഷം തൊഴിൽചെയ്ത പലർക്കും കൂലി മുഴുവൻ ഇതുവരെ ലഭിച്ചിട്ടുമില്ല. കേന്ദ്രത്തിൽ നിന്ന് ഫണ്ട് വരവ് നിലച്ചതാണ് കാരണം. ഇരുപത്തൊന്നു സംസ്ഥാനങ്ങൾ ഫണ്ട് വരുന്നതും കാത്തിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള നടപ്പുവർഷത്തെ ബഡ്‌ജറ്റ് വിഹിതം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. കുടിശിക ലഭിക്കാൻ ലക്ഷക്കണക്കിനു പേരാണ് കാത്തിരിക്കുന്നത്.

കോടിക്കണക്കിനു പാവപ്പെട്ടവർക്ക് ഉപകാരപ്പെടേണ്ട പദ്ധതിയുടെ കാര്യത്തിൽ കേന്ദ്രം കുറച്ചുകൂടി ഉത്തരവാദിത്വവും ആത്മാർത്ഥതയും കാണിക്കണം. കൂലി തുച്ഛമാണെങ്കിലും അതിനായി വലിയൊരു വിഭാഗം കാത്തിരിക്കുന്നത് ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയുടെയും പട്ടിണിയുടെയും ഏകദേശ രൂപം വെളിപ്പെടുത്തുന്നു. തൊഴിലുറപ്പു പദ്ധതി വൈവിദ്ധ്യവത്ക‌രിച്ച് ആകർഷകമാക്കണമെന്ന നിർദ്ദേശത്തിനും ഏറെ പഴക്കമുണ്ട്. പദ്ധതി വിപുലപ്പെടുത്തുകയും കൂടുതൽ വിദഗ്ദ്ധതൊഴിൽ മേഖലകൾ സൃഷ്ടിക്കുകയും ചെയ്താൽ അത് വലിയ മുതൽക്കൂട്ടാകും. രണ്ടുവർഷം മുൻപ് പതിനൊന്നു കോടി പേർക്കുവരെ തൊഴിൽ നൽകിയ പദ്ധതിയാണ് ഇന്ന് പരിഗണന ലഭിക്കാതെ കിടക്കുന്നത്. മഹാമാരിയിൽ വ്യാപകമായ തൊഴിൽനഷ്ടം നേരിടുന്ന ഘട്ടത്തിൽ പൂർവാധികം ശക്തിപ്പെടുത്തി ഗ്രാമീണ ജനതയെ സഹായിക്കേണ്ടതിനു പകരം അവരെ കൂടുതൽ പരിക്ഷീണരാക്കുന്ന സമീപനം തീരെ ഉചിതമല്ല.

പാർലമെന്റ് സമിതിയുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പൂർണമായും ഉൾക്കൊള്ളുമോ എന്നു നിശ്ചയമില്ല. ബഡ്‌ജറ്റ് ചർച്ചയിൽ പ്രശ്നം കൂടുതൽ ശക്തമായി ഉന്നയിക്കാനും ഉചിത തീരുമാനമെടുപ്പിക്കാനും അംഗങ്ങൾ ശ്രമിക്കണം.