
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 18 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 18ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും തുടക്കം. 21ന് അന്തരിച്ച എം.എൽ.എ പി.ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ച് പിരിയും. 22 മുതൽ 24 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേലുള്ള ചർച്ചയാണ്. 24ന് ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകും.
തുടർന്ന് തത്കാലത്തേക്ക് പിരിയുന്ന സഭ മാർച്ച് 11ന് പുനരാരംഭിച്ച് 23ന് സമാപിക്കും. 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കും. 14 മുതൽ 16 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച. 17ന് നടപ്പു സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളുടെയും 2011 മുതൽ 16 വരെയുള്ള അധിക ധനാഭ്യർത്ഥനകളുടെയും ചർച്ചയും വോട്ടെടുപ്പും. 18ന് സ്വകാര്യ ബില്ലുകൾ പരിഗണിക്കും. 21ന് അന്തിമ ഉപധനാഭ്യർത്ഥനകളുടെയും അധിക ധനാഭ്യർത്ഥനകളുടെയും ധനവിനിയോഗബില്ലുകളിന്മേൽ ചർച്ച. 22ന് അടുത്ത സാമ്പത്തികവർഷത്തെ വോട്ട് ഓൺ അക്കൗണ്ട് ചർച്ചയും വോട്ടെടുപ്പും. 23ന് അതിന്റെ ധനവിനിയോഗ ബില്ലുകളിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും.
 നയപ്രഖ്യാപനത്തിന്റെ കരടിന് അംഗീകാരം
നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണർ നടത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അതിന്റെ വിശദാംശങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. എന്തെങ്കിലും ഭേദഗതി വരുത്തേണ്ടതുണ്ടെങ്കിൽ ഉപസമിതി നിർദ്ദേശിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അന്തിമതീരുമാനമെടുത്ത ശേഷമാകും ഗവർണർക്ക് കൈമാറുക. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉപസമിതിയിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവരും അംഗങ്ങളാണ്.
 ഓൺലൈൻ മന്ത്രിസഭായോഗം മതിയാക്കുന്നു, ഇനി നേരിട്ട്
കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ കുറച്ചുകാലമായി തുടർന്നുവന്നിരുന്ന ഓൺലൈൻ മന്ത്രിസഭായോഗങ്ങൾ സർക്കാർ അവസാനിപ്പിക്കുന്നു. അടുത്തയാഴ്ച മുതൽ മന്ത്രിസഭായോഗം നേരിട്ട് ചേരും. ഇന്നലത്തെ ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച സൂചന നൽകി.
ഓൺലൈൻ യോഗം ചേരുമ്പോൾ ഇടയ്ക്കിടയ്ക്ക് സംഭവിക്കുന്ന സാങ്കേതികതടസങ്ങൾ കാരണം പലപ്പോഴും എല്ലാ മന്ത്രിമാർക്കും വിഷയങ്ങൾ യഥാവിധി ഉൾക്കൊള്ളാനോ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ സാധിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലും പിന്നീട് പരിപാടികൾക്കായി യു.എ.ഇയിലും ആയിരുന്ന സമയത്ത് ഓൺലൈൻ മന്ത്രിസഭായോഗങ്ങൾ ചേർന്നപ്പോൾ ലൈൻ ഇടയ്ക്കിടയ്ക്ക് മുറിഞ്ഞുപോകുന്നത് കാരണം മന്ത്രിമാർ ഏറെ വലഞ്ഞിരുന്നു. ഒരേസമയം പലർക്കും അഭിപ്രായം പറയേണ്ടി വരുമ്പോൾ ഒന്നും കേൾക്കാത്ത അവസ്ഥയുമുണ്ടായി.
വിവാദമുയർത്തിയ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ചർച്ചയ്ക്കെടുത്തപ്പോൾ സി.പി.ഐ മന്ത്രിമാർക്ക് കൃത്യമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന് സാങ്കേതിക തടസവും ബുദ്ധിമുട്ടുമുണ്ടായെന്ന സംസാരമുണ്ടായി.