sbi

മലയിൻകീഴ് : ഇ-ടെൻഡറിലൂടെ തുക അടച്ച 5 സെന്റ് സ്ഥലം ബാങ്ക് അധികൃതർ രജിസ്റ്റർ ചെയ്ത് നൽകുന്നില്ലെന്ന് മലയം മൂലമൺ ഉത്രാടത്തിൽ സനൽകുമാർ (55)റവന്യുവകുപ്പിന് പരാതി നൽകി. 2016ൽ എസ്.ബി.ഐ നൽകിയ പത്ര പരസ്യത്തിൽ ബാങ്കിന്റെ ബാലരാമപുരം ബ്രാഞ്ചിൽ വായ്പ കുടിശികയെ തുടർന്ന് ജപ്തി ചെയ്ത എരുത്താവൂരിലുള്ള അഞ്ച് സെന്റ് വസ്തു ഇ-ടെൻഡറിലൂടെ ലേലം ചെയ്യുന്നുവെന്നായിരുന്നു. സനൽകുമാർ ഇ-ടെൻഡറിൽ പങ്കെടുക്കുകയും 8.75 ലക്ഷം രൂപയ്ക്ക് വസ്തു സനൽകുമാറിന് ലഭിക്കുകയും ചെയ്തു. എസ്.ബി.ഐ.പാപ്പനംകോട് ബ്രാഞ്ചിൽ നിന്ന് വായ്പയെടുത്ത് സനൽകുമാർ 2016 മാർച്ച് 9ന് 5 ലക്ഷം രൂപയും, മാർച്ച് 17 ന് 3 ലക്ഷം രൂപയും, തൊട്ടടുത്ത ദിവസം 75000 രൂപയുമുൾപ്പെടെ 8.75 ലക്ഷം രൂപ എസ്.ബി.ഐ ബാലരാമപുരം ബ്രാഞ്ചിന്റെ 67167665742 എന്ന അക്കൗണ്ടിൽ അടച്ചു.15 ദിവസത്തിനുള്ളിൽ വസ്തു ഊരൂട്ടമ്പലം സബ് രജിസ്ട്രാർ ഓഫീസിൽ സനൽകുമാറിന്റെ പേർക്ക് ആധാരം രജിസ്റ്റർ ചെയ്ത് നൽകുമെന്നായിരുന്നു ബാങ്ക് അധികൃതരുടെ ഉറപ്പ്. എന്നാൽ ബാങ്കിൽ നിന്ന് 'സെയിൽ 'സർട്ടിഫിക്കറ്റ് കിട്ടിയതല്ലാതെ കഴിഞ്ഞ 6 വർഷമായിട്ടും ആധാരം രജിസ്റ്റർ ചെയ്ത് നൽകിയില്ല. 2018ൽ ആധാരം രജിസ്റ്റർ ചെയ്യാൻ 85,000 രൂപയുടെ മുദ്രപ്പത്രവുമായി സബ് രജിസ്ട്രാർ ഓഫീസിലെത്താൻ ബാങ്ക് അധികൃതർ സനൽകുമാറിനോട് വീണ്ടും നിർദ്ദേശിച്ചതനുസരിച്ച് മുദ്രപ്പത്രങ്ങൾ വാങ്ങി എത്തിയെങ്കിലും രജിസ്ട്രേഷൻ നടന്നില്ല. അതോടെ മുദ്രപ്പത്രം വാങ്ങിയ പണവും നഷ്ടമായി. വായ്പ നിലനിൽക്കെ ബാങ്കിൽ ഈടു നൽകിയ എരുത്താവൂരിലെ വസ്തു മറ്റൊരാൾക്ക് പതിച്ചു നൽകി ഉടമ പണം വാങ്ങിയതാണ് രജിസ്ട്രേഷന് തടസമാകാൻ കാരണം. എന്നാൽ ഇതിനെതിരെ യാതൊരു നടപടികൾക്കും ബാങ്ക് തയ്യാറായിട്ടില്ലെന്നാണ് സനൽകുമാറിന്റെ പരാതി. ആധാരം പതിച്ചു നൽകണമെന്ന അപേക്ഷയുമായി കഴിഞ്ഞ ആറ് വർഷമായി ബാലരാമപുരം ശാഖയിൽ എത്തി ബാങ്ക് മാനേജരെ കാണുമ്പോഴെല്ലാം ഒാരോ അവധി പറഞ്ഞ് സനൽകുമാറിനെ തിരിച്ചയയ്ക്കുകയാണ് പതിവത്രേ. സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നവുമായിട്ടാണ് വായ്പ എടുത്ത് ബാങ്ക് നടത്തിയ ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുകയ്ക്ക് ലേലം ഉറപ്പിക്കുന്നത്. എന്നാൽ സനൽകുമാറിപ്പോൾ പണവും നഷ്ടപ്പെട്ട് ഗതിയില്ലാതെ ആത്മഹത്യയുടെ വക്കിലാണെന്നാണ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, പഴയ കേസ് ആയതുകൊണ്ട് ഹെഡ് ഓഫീസിലാണ് കൈകാര്യം ചെയ്യുന്നതെന്നും ശാഖ ബാലരാമപുരത്താണെങ്കിലും ഈ വക കാര്യങ്ങൾ കൺട്രോളിംഗ് ഓഫീസാണ് ചെയ്യേണ്ടതെന്നും എസ്.ബി.ഐ ബാലരാമപുരം ശാഖാ മാനേജർ പറഞ്ഞു.