
കവിതയെയും ചരിത്രത്തെയും ഒരുപോലെ സ്നേഹിച്ച സഹൃദയനും പണ്ഡിതനുമായിരുന്നു ഡോ. എം. ഗംഗാധരൻ. പാണ്ഡിത്യവും സഹൃദയത്വവും സമാന്തരങ്ങളിലൂടെ സഞ്ചരിക്കേണ്ട പാതകളാണെന്ന പൊതുധാരണയ്ക്കു വഴങ്ങാത്തതായിരുന്നു എം.ഗംഗാധരന്റെ വ്യക്തിത്വം. ഇടശ്ശേരിക്കവിതകളുടെ കരുത്തിൽ ആകൃഷ്ടരായിരുന്ന കെ. കേളപ്പനും എം. ഗോവിന്ദനുമായിരുന്നു എം. ഗംഗാധരന്റെ വഴികാട്ടികൾ.
ചൊൽക്കാഴ്ചകളിലൂടെ നമ്മുടെ ആധുനികതയ്ക്കു കരുത്തും സൗന്ദര്യവും നൽകിയ കടമ്മനിട്ട രാമകൃഷ്ണൻ പറഞ്ഞാണ് എം. ഗംഗാധരനെ ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. ഇരുവരും അന്ന് പോസ്റ്റൽ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥരായിരുന്നു. എം. ഗോവിന്ദനെ കടമ്മനിട്ടയ്ക്ക് പരിചയപ്പെടുത്തിയത് എം.ഗംഗാധരൻ ആയിരുന്നു. കവിത എന്ന പൊതുശീർഷകത്തിൽ ആധുനിക കവികളുടെ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ചരിത്രദൗത്യത്തിന് എം.ഗംഗാധരനാണ് നേതൃത്വം നൽകിയത്. കടമ്മനിട്ട, ആറ്റൂർ, ജി. കുമാരപിള്ള, കക്കാട് തുടങ്ങിയവരുടെ സമാഹാരങ്ങൾ ഒന്നിനു പിറകെയായി തുടർന്നെത്തി.
ഒ.എൻ.വിയും സുഗതകുമാരിയും വിഷ്ണുനാരായണൻ നമ്പൂതിരിയും മറ്റും ആധുനിക കവികളുടെ പട്ടികയിൽനിന്ന് എങ്ങനെ പുറത്തുപോയി എന്ന് അക്കാലത്ത് ചോദിച്ചവരുണ്ട്. പുരോഗമന സാഹിത്യത്തിലെ കമ്മ്യൂണിസ്റ്റ് പക്ഷത്തെയും എൻ.വി. കൃഷ്ണവാര്യരുടെ നേതൃത്വത്തിലുള്ള വിശാല ഇടതുപക്ഷത്തെയും എതിർക്കുകയാണ് നവഹ്യുമനിസ്റ്റുകൾ ചെയ്യേണ്ടതെന്ന എം. ഗോവിന്ദന്റെ ആഹ്വാനമായിരുന്നു എം.ഗംഗാധരനും മറ്റും അന്ന് സ്വീകാര്യം. മഹാത്മാഗാന്ധിയെയും എം.എൻ. റോയിയെയും ഗുരുപരമ്പരകളിൽ സ്വീകരിച്ച് യാത്ര തുടരാനായിരുന്നു അവരുടെ തീരുമാനം.
കെ. കേളപ്പന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന തവന്നൂരെ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചരിത്രാദ്ധ്യാപകനായി ചേരാനാണ് എം. ഗംഗാധരൻ തിരുവനന്തപുരത്തോടു യാത്ര പറഞ്ഞത്. തവന്നൂരെ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് കേരള സർക്കാർ ഏറ്റെടുത്തതോടെ തായാട്ടു ശങ്കരനും എം. ഗംഗാധരനും ഗവ. കോളേജ് അദ്ധ്യാപകരായി. കോഴിക്കോട്ടെ ഗവ. ആർട്സ് കോളേജിൽ അദ്ധ്യാപകനായിരുന്ന നാളുകളിലാണ് മലബാർ കലാപത്തെപ്പറ്റിയുള്ള പഠനം അദ്ദേഹം പൂർത്തിയാക്കുന്നത്. തിരൂരങ്ങാടിയിലും പൂക്കോട്ടൂരും നിലമ്പൂരുമുള്ള യാത്രകളിൽ എം.എൻ. കാരശ്ശേരിയായിരുന്നു പലപ്പോഴും കൂടെപ്പോയിരുന്നത്.
മാപ്പിളമാരുടെ നിഷ്‌ക്കപ്പടതയും എന്നാൽ എതിർക്കപ്പെടുമ്പോഴത്തെ വർഗീയ പ്രതികരണങ്ങളും എം. ഗംഗാധരൻ തുടർന്ന് കണ്ടെത്തി. ബ്രിട്ടീഷ് സർക്കാരിനെ തകിടം മറിച്ച്, ഖിലാഫത്ത് ഭരണം സ്ഥാപിക്കാം എന്ന കലാപകാരികളുടെ ലക്ഷ്യത്തെക്കുറിച്ചും അധികാരം പിടിച്ചെടുക്കുക എന്ന ആശയത്തിന്റെ സ്വാധീനത്തെക്കുറിച്ചും എം. ഗംഗാധരൻ തുടർന്നു വിവരിച്ചു. അഫ്‌ഗാൻ സൈന്യം തങ്ങളെ സഹായിക്കാൻ എത്തുമെന്ന പ്രതീക്ഷയും കലാപകാരികളെ ഉത്സാഹിപ്പിച്ചിരുന്നു.
മലബാർ കലാപത്തെപ്പറ്റിയുള്ള കാർഷിക പശ്ചാത്തലത്തെപ്പറ്റി ട്രോട്സ്കിയിസ്റ്റ് ചിന്തകനായ സൗമ്യേന്ദ്രനാഥ് ടാഗൂർ, 1937-ൽ എഴുതിയതിനോട് എം. ഗംഗാധരൻ പൂർണമായി യോജിക്കുന്നില്ല. കലാപത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിശദീകരിക്കാൻ വർഗവിശകലനം അപര്യാപ്തമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അഹിംസ എന്ന തത്വം മനസിലാക്കാൻ മാപ്പിളമാർക്കു സാധിച്ചില്ലെന്നും എം. ഗംഗാധരൻ തുടർന്നു കണ്ടെത്തുന്നു. പൈശാചികമായി ബ്രിട്ടീഷ് സൈനികർ മാപ്പിളമാരെ നേരിട്ടതും എതിർക്കാൻ ജിഹാദിന്റെ തന്ത്രങ്ങൾ മാപ്പിളമാർ ഉപയോഗപ്പെടുത്തിയതും എം. ഗംഗാധരൻ മറച്ചുവച്ചില്ല.
ആലിമുസ്ളിയാർ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി തങ്ങൾ തുടങ്ങിയ കലാപനേതാക്കൾ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ നിരുത്സാഹപ്പെടുത്താനും നിർബന്ധ മതപരിവർത്തനം തടയാനും ഹിന്ദുഭവനങ്ങളിൽ നിന്നു കൊള്ളചെയ്യുന്നതിൽ നിന്നു മാപ്പിളമാരെ പിന്തിരിപ്പിക്കാനും പ്രത്യേകം താത്‌പര്യമെടുത്തുവെന്നും എം. ഗംഗാധരൻ വാദിക്കുന്നു.
കെ.എൻ. പണിക്കർ, കോൺറാഡ്‌വുഡ്, സ്റ്റീഫൻഡേൽ തുടങ്ങിയ മാർക്‌സിയൻ ചരിത്രകാരന്മാരുടെ മലബാർ കലാപ പഠനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ എം. ഗംഗാധരന്റെ നിരീക്ഷണങ്ങൾക്കു വ്യക്തതയുണ്ട്. സൈദ്ധാന്തിക പദാവലികൾകൊണ്ടുള്ള കൺകെട്ടുവിദ്യയും അവിടെയില്ല.
ഗവൺമെന്റാഫീസുകളുടെ നേരെയുള്ള ആക്രമണം, പട്ടാളവുമായുള്ള ഏറ്റുമുട്ടൽ തുടങ്ങി, സംഘടിതമായ ഏത് പ്രവർത്തനം ആരംഭിക്കുമ്പോഴും കലാപകാരികൾ കൂട്ട ബാങ്കും തക്‌ബീറും മുഴക്കിയതും ഗംഗാധരൻ ഓർമ്മിപ്പിച്ചു. ''നാം സ്ഥാപിച്ചിട്ടുള്ള പുതിയ മുസ്ളിം രാഷ്ട്രത്തിൽ ഖുർ-ആനിലെ നിയമമല്ലാതെ മറ്റൊന്നും പൊറുപ്പിക്കുകയില്ല എന്ന മനോഭാവക്കാർ കലാപകാരികളിൽ ഉണ്ടായിരുന്നുവെന്നും എം. ഗംഗാധരൻ സമ്മതിക്കുന്നു.
ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് മുതൽ ജമാ അത്തെ ഇസ്ളാമി വരെയുള്ള സംഘടനകൾ എം. ഗംഗാധരന്റെ ഗവേഷണ പ്രബന്ധത്തെ ഗൗരവപൂർണമായ ചർച്ചകൾക്കു വിധേയമാക്കി. ഹിച്ച്‌കോക്ക്, ഗോപാലൻനായർ, ദാശരഥി തുടങ്ങിയവരുടെ പുസ്തകങ്ങളോടുള്ള വിദ്വേഷമോ മാധവൻ നായരുടെ രചനയോടുള്ള താത്‌പര്യക്കുറവോ ഗംഗാധരനോടു അവർക്കു ഉണ്ടായിരുന്നില്ല. മുസ്ളിം യുവജന സംഘടനകൾ എം. ഗംഗാധരന് സ്വീകരണങ്ങൾ നൽകാൻ മുന്നോട്ടുവന്നു.
മലബാർ കലാപത്തിന്റെ നൂറാം വാർഷികം കേരളീയർ കൊണ്ടാടരുതെന്നും കലാപത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും എഴുതി അദ്ദേഹം അന്നൊരിക്കൽ കേരളീയരെ അമ്പരപ്പിച്ചു. മലബാർ കലാപം ഒരു താക്കീതാണെന്നും അതിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളണമെന്നും പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാടിനോടു പ്രദർശിപ്പിച്ച സൗമനസ്യം പോലും തീവ്രനിലപാടുകളുള്ളവർക്കു എം. ഗംഗാധരനോടു ഉണ്ടായിരുന്നില്ല.
മലബാർ കലാപം കേരളീയ സംസ്കാരത്തെ എങ്ങനെയാണ് ശങ്കാകുലമാക്കിയതെന്നായിരുന്നു അന്നൊരിക്കൽ അദ്ദേഹം എന്നോടു പരപ്പനങ്ങാടിയിലെ വസതിയിൽ വച്ചു പറഞ്ഞത്. പ്രായം കൊണ്ട് മുതിർന്നവനെങ്കിലും ബന്ധമുറയിൽ മരുമകനായ എം.ജി.എസ്. നാരായണനും അന്ന് അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു.
എം. ഗംഗാധരന്റെ ഏറ്റവും മികച്ച ഗ്രന്ഥം ഏതെന്നു ചോദിച്ചാൽ ദി ലാൻഡ് ഓഫ് മലബാർ എന്നായിരിക്കും എന്റെ മറുപടി. പതിനാറാം നൂറ്റാണ്ടിലെ മലബാറിനെ കാണുകയാണ് ഇവിടെ ചരിത്രകാരൻ. മൈസൂർ അധിനിവേശകാലത്തെ മലബാറിനെക്കുറിച്ച് എഴുതാനുള്ള തയ്യാറെടുപ്പുകളും അന്നദ്ദേഹം വിശദീകരിച്ചു. അതിന് അദ്ദേഹത്തിനു കഴിഞ്ഞില്ലെങ്കിലും...