തിരുവനന്തപുരം:അമ്പലമുക്കിലെ ചെടിവിൽപ്പനശാലയിൽ കൊല്ലപ്പെട്ട വിനിതമോളുടെ കൊലപാതകിയെ കണ്ടുപിടിക്കാൻ അന്വേഷണം പത്തനംതിട്ടയിലെ ടൂറിസ്റ്റ് സ്‌പോട്ടായ ഗവിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. വിനിതമോളും കുടുംബവും വർഷങ്ങളോളം ഗവിയിലാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിനിതയുടെ അമ്മ രാഗിണിയുടെ കുടുംബവീട് ഗവിയിലായിരുന്നു.ഗവിയിലെ തോട്ടം തൊഴിലാളികളായിരുന്നു വിനിതയും ഭർത്താവ് സെന്തിൽകുമാറും.പത്ത് വർഷം മുമ്പുണ്ടായ അപകടത്തിൽ മരം ഒടിഞ്ഞുവീണ് സെന്തിൽകുമാറിന്റെ നട്ടെല്ലിന് ഗുരുതര പരിക്കേൽക്കിരുന്നു. ഇതോടെ ചികിത്സയ്‌ക്കായി സെന്തിൽ കുടുംബത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി.തിരുവനന്തപുരത്ത് നെടുമങ്ങാട് വാണ്ട ഗ്രാമമാണ് വിനിതയുടെ അച്ഛൻ വിജയന്റെ സ്വദേശം.ഈ ബന്ധമാണ് ഇവരെ തലസ്ഥാനത്തേക്ക് എത്തിച്ചത്.ചികിത്സ കഴിഞ്ഞ ശേഷം ഇവർ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. വിനിതമോളുടെ അമ്മ രാഗിണി രണ്ട് വർഷം മുമ്പാണ് ഗവിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുമ്പോഴും വിനിതയുടെ ഗവിയിലെയും തിരുവനന്തപുരത്തെയും ബന്ധുക്കൾ,അടുപ്പക്കാർ,സ്ഥാപനവുമായി ബന്ധപ്പെട്ടവർ എന്നിവരെ ഉൾപ്പെടെ പൊലീസ് നിരീക്ഷണവലയത്തിലാക്കി.

സങ്കടക്കടലിൽ കുടുംബം

അമ്മയില്ലെന്ന് വിശ്വസിക്കാൻ ഇതുവരെ വിനിതമോളുടെ മകൾ അനന്യകുമാറിനായിട്ടില്ല. ഉറക്കത്തിനിടയിൽ പലപ്പോഴും മകൾ അനന്യ ഞെട്ടി ഉണരുകയാണ്.കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് കുടുംബത്തിലെ ആരും മോചിതരായിട്ടില്ലെന്ന് വിനിതമോളുടെ സഹോദരീഭർത്താവ് സുരേന്ദ്രൻ കേരളകൗമുദിയോട് പറഞ്ഞു. മരുമകന് പിന്നാലെ മകളും പോയത് വിശ്വസിക്കാൻ അച്ഛനോ അമ്മയ്‌ക്കോ ആയിട്ടില്ല. പ്രതിയെ എത്രയും വേഗം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് 3 ഉദ്യോഗസ്ഥർ ഇന്നലെ വീട്ടിൽ വന്നുപോയി. പ്രതിയെ ഉടൻ പിടിക്കുമെന്നാണ് അവർ നൽകിയ ഉറപ്പ്.അഗ്രിക്ലീനിക്കിലെ ജീവനക്കാരും ഉടമസ്ഥനും വീട്ടിൽ വന്നുപോയിരുന്നു.മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന സർക്കാർ വാഗ്ദാനത്തിലാണ് പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു.തിങ്കളാഴ്‌ചയാണ് വിനിതയുടെ മരണാനന്തര ചടങ്ങുകൾ.

ചെടികളെ പരിപാലിക്കാൻ ഇനി വിനിതയില്ല

വിനിതയുടെ കൊലപാതകം ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ലെന്ന് ചെടിവിൽപ്പനശാലയായ അഗ്രിക്ലീനിക്കിന്റെ ഉടമസ്ഥൻ തോമസ് മാമ്മൻ പറഞ്ഞു.ഗ്രാമത്തിൽ നിന്നും നഗരത്തിലേക്ക് വരുന്നതിന്റെ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നെങ്കിലും ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം എല്ലാവരുമായും അടുത്ത് ഇടപഴകാൻ തുടങ്ങി. നഗരത്തിൽ സുരക്ഷിതത്വത്തോടെ ജോലി ചെയ്യാമെന്നായിരുന്നു വിനിതയ്ക്ക് നൽകിയിരിക്കുന്ന ഉറപ്പ്. മക്കളെ ഒരു കരയ്‌ക്കെത്തിക്കണമെന്ന് എപ്പോഴും പറയുമായിരുന്ന വിനിത മകളുടെ ഭാവിയെപ്പറ്റി എപ്പോഴും ആകുലതപ്പെട്ടിരുന്നു. ഭർത്താവിന്റെ മരണം സൃഷ്‌ടിച്ച വേദനയിൽ നിന്നും മോചിതയായത് അഗ്രിക്ലീനിക്കിൽ ജോലിക്ക് വന്നശേഷമായിരുന്നെന്ന് വിനിത പലപ്പോഴായി പറഞ്ഞിരുന്നു. 'അവളുടെ മുഖത്തെ വിഷമമൊക്കെ മാറി പ്രകാശമായത് ഇപ്പോഴാണ് സാറേ' എന്നായിരുന്നു അടുത്തിടെ തന്നെ കാണാൻ വന്ന വിനിതയുടെ പിതാവ് വിജയൻ പറഞ്ഞതെന്ന് തോമസ് മാമ്മൻ പറഞ്ഞു.

അതേസമയം,വിനിതമോളുടെ മരണം സൃഷ്‌ടിച്ച ആഘാതത്തിനിടെ അമ്പലമുക്കിലെ ചെടിവിൽപ്പനശാലയായ ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലിനിക്ക് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു.പേരൂർക്കട പൊലീസ് അനുമതി നൽകിയതിനു പിന്നാലെയാണ് സ്ഥാപനം തുറന്നു പ്രവർത്തിച്ചത്. മരണത്തിന് തൊട്ടുമുമ്പും ചെടികളെ പരിപാലിച്ച് ചെടികൾക്കിടയിൽ അന്ത്യശ്വാസം വലിച്ച വിനിത തങ്ങൾക്കിടയിൽ ഇനിയില്ലെന്ന് വിശ്വസിക്കാൻ ജീവനക്കാർക്കോ ഉടമസ്ഥൻ തോമസ് മാമ്മനോ കഴിഞ്ഞിട്ടില്ല. കൊലപാതകം നടന്നതിന്റെ പിറ്റേദിവസം മുതൽ ചെടികൾക്ക് വെളളമൊഴിക്കാൻ പൊലീസ് അനുവദിച്ചിരുന്നു.പതിനായിരക്കണക്കിന് രൂപയുടെ ചെടികളാണ് വിൽപ്പനശാലയിലുളളത്.നഗരത്തിലെ വി.ഐ.പികൾക്കിടിയിലടക്കം സുപരിചിതമാണ് ടാബ്‌സ് ഗ്രീൻടെക് അഗ്രിക്ലീനിക്ക്.