കാട്ടാക്കട: തിങ്കളാഴ്ച മുതൽ ക്ലാസുകൾ പഴയപടി തുറക്കുമ്പോൾ ബുദ്ധിമുട്ടിലാകുന്നത് ഗ്രാമീണമേഖലയിലെ കുട്ടികളാണ്. വെള്ളനാട്, ആര്യനാട് ഡിപ്പോകളിൽ ജീവനക്കാരുടെ കുറവ്കാരണം മുൻപുണ്ടായിരുന്ന പല സർവീസുകളും നിറുത്തലാക്കിയിരിക്കുകയാണ്. ഇത് ഗ്രാമീണ മേഖലകളിലെ ഗതാഗതപ്രശ്നങ്ങൾക്ക് കാരണമാക്കും. കണ്ടക്ടർമാരുടെ കുറവ് കാരണം പല സർവീസുകളും മുടക്കം വന്നിരിക്കുകയാണ്. ഡ്രൈവർമാരിൽ അഞ്ചോളം പേർ കണ്ടക്ടർ മാരായി പോകുന്നത് കൊണ്ടാണ് ഇത്രയെങ്കിലും സർവീസുകൾ നടക്കുന്നതെന്ന് അധികൃതർ പറയുന്നു. കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന പല സർവീസുകളും ആര്യനാട് ഇനിയും തുടങ്ങിയിട്ടില്ല. വിദ്യാർത്ഥികളിൽ അധികവും ചെയിൻ സർവീസുകളെയാണ് ആശ്രയിക്കുന്നത്. വെള്ളനാട് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികൾ ആര്യനാട് മേഖലയിൽ നിന്നാണ് പോകുന്നത്. ബസുകളുടെ കുറവ് കാരണം സ്കൂൾ കുട്ടികൾക്ക് യഥാസമയത്ത് സ്കൂളിൽ എത്താൻ കഴിയാത്ത സ്ഥിതിയാകും. കണ്ടക്ടർമാരെ നിയമിച്ച് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യണമെന്നാണ് ആര്യനാട് വെള്ളനാട് മേഖലയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ആവശ്യം. ആര്യനാട് ഡിപ്പോയിൽ നിന്ന് എട്ട് ഡ്രൈവർമാരെയും ഏഴ് കണ്ടക്ടർമാരെയുമാണ് സിറ്റി സർക്കുലർ സർവീസിനായി സ്ഥലം മാറ്റിയത്. ഒരു വർഷമായിട്ടും ഇവരെ ഡിപ്പോയിലേക്ക് തിരിച്ചു നൽകിയിട്ടില്ല.ഇതെല്ലാം ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

ആര്യനാട് ഡിപ്പോയിൽ

ആര്യനാട് ഡിപ്പോയിലിപ്പോൾ ആകെ 28 സർവീസുകളാണ് ഉള്ളത്. ഇതിൽ 20 സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു ബസിന് 11,300 രൂപയോളമാണ് പ്രതിദിനം കളക്ഷൻ ലഭിക്കുന്നത്. മുൻപ് 35 സർവീസ് ആയിരുന്നു ഉണ്ടായിരുന്നത്. ആര്യനാട് ഡിപ്പോയിൽ നിന്ന് കാട്ടാക്കട നെടുമങ്ങാട് റൂട്ടിൽ 6 ചെയിൻ സർവീസുകളാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ സർവീസുകൾ ഇല്ലാത്തതിനാൽ ഓരോ ബസ്സിലും തിങ്ങിഞെരുങ്ങിയാണിപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്. ബസ്സുകളുടെ കുറവ് കാരണം എല്ലാ ട്രിപ്പിലും അമിതമായ തിരക്കാണെന്ന് ജീവനക്കാർ തന്നെ പറയുന്നു.

വെള്ളനാട് ഡിപ്പോയിൽ
വെള്ളനാട് ഡിപ്പോയിൽ 30 സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ സിറ്റി ഫാസ്റ്റ് -20 ഓർഡിനറി സർവീസ്- 8 സൂപ്പർഫാസ്റ്റ് -ഒന്ന്,ജൻറം-ഒന്ന് എന്നിവയാണ്. 45 സർവീസുകൾ ഉണ്ടായിരുന്ന വെള്ളനാട് ഡിപ്പോയിൽ ഇപ്പോൾ 30 സർവീസുകൾ മാത്രമേ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്നുള്ളൂ. ഒരു ബസിന് 10300 രൂപയാണ് ലഭിക്കുന്നത് സംസ്ഥാനത്തെ ഭേദപ്പെട്ട വരുമാനമുള്ള ഡിപ്പോകളിൽ ഒന്നാണ് വെള്ളനാട് ഡിപ്പോ.14 കണ്ടക്ടർമാരുടെ കുറവുണ്ടെന്ന് അധികൃതർ പറയുന്നു.

കണ്ടക്ടറില്ല, പകരം ഡ്രൈവർ

ഒരു വർഷത്തിനു മുൻപ് വെള്ളനാട് ഡിപ്പോയിൽ നിന്നും 10 കണ്ടക്ടർമാരെ പാലോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവർക്ക് പകരമായി ആരുംതന്നെ ഇതുവരെ വെള്ളനാട് എത്തിയിട്ടുമില്ല. കണ്ടക്ടർമാരുടെ കുറവുകാരണം അരുവിക്കര ചെറിയകൊണ്ണി ഭാഗത്തേക്ക് മുൻപുണ്ടായിരുന്ന സർവീസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. അഞ്ചോളം ഡ്രൈവർമാർ കണ്ടക്ടറായി പോകുന്നതോടെ അല്പം ആശ്വാസം ആകുന്നതായി ഡിപ്പോ അധികൃതർ പറയുന്നു.