വെള്ളറട: ഗ്രാമങ്ങളിൽ അതിർത്തി കടന്ന് കഞ്ചാവ് വ്യാപകമായി എത്തിയിട്ടും കൃത്യമായ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമങ്ങളിലെ കവലകളിൽ വ്യാപകമായാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. വില്പന നടത്തുന്നതിൽ ഏറെയും യുവാക്കളാണ്. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളായ വെള്ളറട, പനച്ചമൂട്, ചെറിയകൊല്ല, കന്നുമാംമൂട് എന്നിവിടങ്ങളിൽ കച്ചവടക്കാരുടെ എണ്ണവും കൂടുതലാണ്. ഈ അടുത്തിടെയായി ഗ്രാമങ്ങളിൽ നിന്നും പൊലീസും എക്സൈസും കിലോ കണക്കിന് കഞ്ചാവ് പിടികൂടി. എന്നാൽ ഇത് ഇവിടെ കച്ചവടത്തിന് എത്തിച്ചുകൊടുക്കുന്ന വൻ സംഘങ്ങളെ കണ്ടെത്താൻ കഴിയാത്തതാണ് വീണ്ടും കച്ചവടം വർദ്ധിക്കാൻ ഇടയാക്കുന്നത്. ഉപയോഗിക്കുന്നവരിൽ ഏറെയും യുവാക്കളും വിദ്യാർത്ഥികളുമായതിനാൽ ചെറു പൊതികളാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നു. കച്ചവടം വ്യാപകമായതോടെ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണവും ഗ്രാമങ്ങളിൽ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
വെള്ളറടയ്ക്കു സമീപം ആനപ്പാറ പൂവൻകുഴി കോളനിയിൽ ഒരുവീട്ടിൽ നിന്ന് 55 കിലോയും വാഴിച്ചലിൽ ഒരു വീട്ടിൽ നിന്ന് എട്ടര കിലോയും കിളിയൂരിൽ നിന്ന് മൂന്നര കിലോയുമാണ് ആന്റി നാർകോട്ടിക് സെൽ അധികൃതർ പിടികൂടിയത്. ഇതിനിടയിലാണ് പനച്ചമൂടിനു സമീപം മണത്തോട്ടത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവും ലഹരി ഗുളികയും പിടികൂടിയത്.
പരിശോധൻ ശക്തമാക്കണം
അതിർത്തിയോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് ഇതിനിടയിൽ പിടികൂടിയിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത് വ്യാപകമായി എത്തിച്ച കഞ്ചാവ് വിവിധ സ്ഥലങ്ങളിൽ ശേഖരിച്ച ശേഷം ഇപ്പോഴാണ് മാർക്കറ്റുകളിൽ എത്തിക്കുന്നത്. അതിർത്തിയിൽ കാര്യമായ പരിശോധന ഇല്ലാത്തതാണ് കടത്തിന് സഹായിക്കുന്നതെന്നാണ് ആക്ഷേപം. പൊലീസും എക്സൈസും കാര്യമായ പട്രോളിംഗും വാഹന പരിശോധനയും അതിർത്തിയിലെ റോഡുകളിൽ കാര്യക്ഷമമാക്കിയാൽ ഒരു പരിധിവരെ ഇവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.