കല്ലമ്പലം: ബുദ്ധിമാന്ദ്യമുള്ള ബാലനോട് പൊലീസ് അപമര്യാദയായി പെരുമാറിയതായി പരാതി. മണമ്പൂർ പന്തടിവിള ദൈവപ്പുര വീട്ടിൽ ശ്രീകുമാറിന്റെയും ബിനുവിന്റെയും മകൻ പത്താം ക്ലാസ് വിദ്യാർത്ഥി സ്വാഹിത്തിനോടാണ് കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മോശമായി പെരുമാറിയത്. അയൽവാസികളായ മൂന്നു സ്ത്രീകളുടെ പരാതിയിലാണ് സ്വാഹിത്തിനെ രക്ഷകർത്താക്കളോടൊപ്പം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചത്. സുഖമില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെ എസ്.ഐ അസഭ്യം പറഞ്ഞെന്നും അകാരണമായി സ്റ്റേഷനിൽ കൂടുതൽ നേരം നിറുത്തിയെന്നും ജനനേന്ദ്രിയം മുറിച്ചുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ബാലാവകാശ കമ്മിഷനിൽ കൊടുത്ത പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രക്ഷിതാക്കൾ നടത്തിയ പത്രസമ്മേളനത്തിലും സംഭവം വിവരിച്ചിരുന്നു. സംഭവത്തിന് ശേഷം സ്വാഹിത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്നതായും സ്കൂളിൽ പോകുന്നില്ലെന്നും സ്റ്റേഷനിലുണ്ടായ മാനസിക പീഡനമാണ് ഇതിന് കാരണമെന്നും മാതാപിതാക്കൾ പറഞ്ഞു. എന്നാൽ അയൽവാസികളായ സ്ത്രീകളും പെൺകുട്ടികളും കാണത്തക്ക രീതിയിൽ മൂത്രവിസർജ്ജനം നടത്തുന്നുവെന്ന പരാതിയിൽ എസ്.ഐ താക്കീത് നൽകുക മാത്രമാണുണ്ടായതെന്ന് കല്ലമ്പലം സി.ഐ ഫറോസ് പറഞ്ഞു.