
കടയ്ക്കാവൂർ: അഞ്ചുതെങ്ങ് കായലിൽ വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇറങ്ങ് കടവിൽ കടത്ത് വള്ളത്തിന്റെ സേവനം നിലച്ചത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. പൊതുമരാമത്ത് വകുപ്പാണ് ഈ കടവിൽ കടത്തുവള്ളം ഏർപ്പെടുത്തിയത്. വളരെ കാലങ്ങളായി അഞ്ചുതെങ്ങ് പഞ്ചായത്തിനാണ് കടത്തുവള്ളത്തിന്റെ നടത്തിപ്പ് ചുമതല. വള്ളം തുഴയുന്നതിനായി രണ്ടോളം ജീവനക്കാരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇവർ രണ്ടുപേരും ജോലിയ്ക്ക് മറ്റൊരാളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന. വക്കം ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, മറ്റനവധി വ്യാപാര വ്യവസായ ശാലകൾ, വിദ്യാലയങ്ങൾ, പൊതുമാർക്കറ്റ് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നതിന് പ്രദേശവാസികൾ പ്രയോജനപ്പെടുത്തുന്നത് ഇറങ്ങ് കടവ് കായിക്കര കടവ് കടത്തിനെയാണ്. ഈ കടത്തുവള്ളമാണ് മാസങ്ങളോളമായി നിലച്ചിരിയ്ക്കുന്നത്. ഇതോടെ ഇരു പഞ്ചായത്തുകളിലുമുള്ള പ്രദേശവാസികൾ യാത്ര ദുരിതം അനുഭവിക്കേണ്ടിവരുന്ന അവസ്ഥയിലുമാണ്. നിലവിലെ സാഹചര്യത്തിൽ അഞ്ചുതെങ്ങ് നിവാസികൾ കടയ്ക്കാവൂർ വഴി കിലോമീറ്ററുകളോളം ഓട്ടോ കൂലി നൽകി ചുറ്റിവരികയോ കായിക്കര കടത്തിനെ ആശ്രയിച്ചോ വേണം വക്കത്തെത്തുവാൻ. എത്രയും വേഗം കടത്തുവള്ളത്തിന്റെ സേവനം പുനരാരംഭിക്കുവാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നാണ് ദേശവാസികൾ ആവശ്യപ്പെടുന്നത്.