കാട്ടാക്കട:കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിന് സംസ്ഥാന കായകൽപ്പ അവാർഡ്. മന്ത്രി വീണാ ജോർജാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,പരിപാലനം,അണുബാധ നിയന്ത്രണം,മാലിന്യ സംസ്കരണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണ് കായകൽപ്പ.
പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പ്രശസ്തിഫലകവും അവാർഡ് തുകയായി രണ്ട് ലക്ഷം രൂപയും ലഭിക്കും.ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി പരിശ്രമിച്ച ഐ.ബി.സതീഷ്.എം.എൽ.എ,കാട്ടാക്കട ഗ്രാമപഞ്ചായത്ത് ഭരണസമിതി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി,ആശുപത്രി ജിവനക്കാർ,ആശാവർക്കർമാർ തുടങ്ങിയവരുടെ പരിശ്രമമാണ് ആശുപത്രിയുടെ വികസനത്തിന് സഹായകമായതെന്ന് മെഡിക്കൽ ഓഫീസർ ഡോ.ശാന്തകുമാർ അറിയിച്ചു.