
പ്രളയകാലത്തും ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോഴുമെല്ലാം സേന കേരളത്തിന്റെ രക്ഷയ്ക്കെത്തുകയും നൂറുകണക്കിനാളുകളെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ സൈന്യം അതീവദുഷ്കരമായ രക്ഷാദൗത്യം നടത്തുന്നത് കേരളത്തിൽ ആദ്യമായാണ്.
.................
മലയിടുക്കിൽ 45 മണിക്കൂർ കുടുങ്ങിക്കിടന്ന ആ ജീവനും കോരിയെടുത്ത് കരസേനാംഗങ്ങൾ പാലക്കാട് മലമ്പുഴയിലെ ചെറാട് മലമുകളിലേക്കെത്തിയപ്പോൾ കേരളം മാത്രമല്ല, രാജ്യമാകെ വിളിച്ചു, ഇന്ത്യൻ ആർമി കീ ജയ്...! പർവതാരോഹണത്തിൽ പ്രത്യേക പരിശീലനം നേടിയ കരസേനാംഗങ്ങൾ 40മിനിറ്റു കൊണ്ട് മലയിടുക്കിൽ നിന്ന് 23കാരൻ ബാബുവിനെ രക്ഷിച്ചെടുത്തു. രാജ്യമാകെ ആ ദൃശ്യങ്ങൾ കണ്ട് ശ്വാസമടക്കിപ്പിടിച്ച് നിന്നു. മലമുകളിൽ സുരക്ഷിതമായെത്തിച്ച യുവാവിനെ ഹെലികോപ്ടറിൽ എയർലിഫ്‌റ്റ് ചെയ്ത് ആശുപത്രിയിലേക്കെത്തിക്കാനും സൈന്യം തയ്യാറായി. മുഖ്യമന്ത്രി സഹായം അഭ്യർത്ഥിച്ചയുടൻ, എവറസ്റ്റ് കീഴടക്കിയ രണ്ടു പേരടങ്ങിയ പ്രത്യേക സംഘത്തെ കരസേന പാലക്കാട്ടേക്ക് അയയ്ക്കുകയായിരുന്നു. രാത്രി തന്നെ ദൗത്യം തുടങ്ങിയ സേന, ഇന്നലെ നേരം വെളുത്തപ്പോൾ തന്നെ ബാബുവിന് വെള്ളവും ഭക്ഷണവുമെത്തിച്ചു. പിന്നാലെ പത്തരയോടെ ഒരു സൈനികൻ മലയിടുക്കിലേക്ക് ഊർന്നിറങ്ങി ബാബുവിനെ സ്വന്തം ശരീരത്തോട് ബന്ധിപ്പിച്ച് മലമുകളിലേക്കെത്തിച്ച് സുരക്ഷിതനാക്കി. പ്രളയകാലത്തും ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോഴുമെല്ലാം സേന കേരളത്തിന്റെ രക്ഷയ്ക്കെത്തുകയും നൂറുകണക്കിനാളുകളെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ജീവൻ രക്ഷിക്കാൻ സൈന്യം അതീവദുഷ്കരമായ രക്ഷാദൗത്യം നടത്തുന്നത് കേരളത്തിൽ ആദ്യമായാണ്.
അതിസാഹസികമായി രക്ഷാദൗത്യം പൂർത്തിയാക്കിയ സൈന്യത്തിന് നാടൊന്നാകെ വീരോചിത സ്വീകരണമാണ് നൽകിയത്. പുഷ്പവൃഷ്ടി നടത്തിയും സേനാംഗങ്ങളെ ഹാരം അണിയിച്ചും നാട് ആ വീരന്മാർക്ക് ആദരവ് നൽകി. സൈന്യത്തിന് കേരളത്തിന്റെ നന്ദി മുഖ്യമന്ത്രി ഔദ്യോഗികമായി അറിയിച്ചു. ചെങ്കുത്തായ മലയിൽ ഒരു രക്ഷാമാർഗ്ഗവുമില്ലാതെ 45മണിക്കൂർ കുടുങ്ങിപ്പോയ ബാബുവിന് ഇത് രണ്ടാം ജന്മമാണ്. വെള്ളവും ഭക്ഷണവുമില്ലാതെ അവശനായ യുവാവിനെ റോപ്പിലൂടെ ഇറങ്ങിയ സൈനികൻ സുരക്ഷാ ജാക്കറ്റിട്ട് ചേർത്തു പിടിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. ഊട്ടിയിലെ വെല്ലിംഗ്ടണിൽ നിന്നും ബംഗളുവുരുവിൽ നിന്നുമെത്തിയ കരസേനയുടെ രണ്ട് സംഘങ്ങൾ രക്ഷാദൗത്യം പൂർത്തിയാക്കിയപ്പോൾ കേരളം സൈന്യത്തിന് ബിഗ് സല്യൂട്ട് നൽകി. ദക്ഷിൺ ഭാരത് ഏരിയ ലഫ്.ജനറൽ അരുണിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. കേണൽ ശേഖർ അത്രിയായിരുന്നു ടീം ലീഡർ. മലയാളിയായ ലഫ്. കേണൽ ഹേമന്ദ് രാജും സംഘത്തിലുണ്ടായിരുന്നു. ചെങ്കുത്തായ മലയിലാണ് രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നതിനാൽ എവറസ്റ്റ് കൊടുമുടി കയറി പരിചയമുള്ള മദ്രാസ് റെജിമെന്റിൽനിന്നുള്ള രണ്ടു സൈനികരെയും സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. കരസേനയ്ക്ക് പുറമെ വ്യോമസേനയും തീരസംരക്ഷണ സേനയും ദൗത്യത്തിൽ പങ്കുചേർന്നു. ബെംഗളൂരുവിലെ പാരാ റജിമെന്റൽ സെന്ററിൽനിന്നുള്ള കമാൻഡോകളെ വ്യോമസേന എഎൻ 32 വിമാനത്തിൽ 45 മിനിറ്റ് കൊണ്ട് കോയമ്പത്തൂരിലെ സൂളൂരിലെത്തിച്ചു. തീരസംരക്ഷണ സേനാ കോപ്ടർ ബാബുവിന് ഭക്ഷണവും വെള്ളവുമെത്തിക്കാൻ ശ്രമിച്ചെങ്കിലും മലയിടുക്കിലെ ദൗത്യം പരാജയപ്പെടുകയായിരുന്നു. ഇതിനു പുറമെ ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) രക്ഷാദൗത്യത്തിൽ പങ്കാളികളായി. മലയിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിദുരന്തങ്ങളുണ്ടാവുമ്പോൾ സൈന്യം ജീവനുകൾ രക്ഷിക്കുന്നത് പതിവാണെങ്കിലും ഒരു ജീവനു വേണ്ടി സൈന്യം നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യമാണ് മലമ്പുഴയിൽ കണ്ടത്. കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം പ്രതികൂലമായിരുന്നെങ്കിലും വിജയം മാത്രം ലക്ഷ്യമിട്ട സൈന്യം ബാബുവിന്റെ ജീവൻ രക്ഷിച്ചെടുക്കുകയായിരുന്നു.
കേരളത്തിന്റെ രക്ഷകർ
മഹാപ്രളയത്തിൽ മുങ്ങിത്താണപ്പോഴും മഹാമാരിയും പെരുവെള്ളപ്പാച്ചിലും ദുരന്തം വിതച്ചപ്പോഴും ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോഴും ഉരുൾപൊട്ടൽ- പേമാരി ദുരന്തകാലത്തുമെല്ലാം കേരളത്തെ രക്ഷിച്ചത് സൈന്യമായിരുന്നു. മഹാപ്രളയ കാലത്ത് ഒമ്പത് ജില്ലകളിൽ രക്ഷാദൗത്യവും ഭക്ഷണ-മരുന്ന് വിതരണവും കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗും നടത്തിയത് സൈന്യമായിരുന്നു. 31ഹെലികോപ്ടറുകളിൽ 3107ഉദ്യോഗസ്ഥരാണ് പ്രളയകാലത്ത് രക്ഷയ്ക്കെത്തിയത്. 2,47,855ലക്ഷം കിലോഗ്രാം അവശ്യവസ്‌തുക്കൾ ഹെലികോപ്ടറുകളിലെത്തിച്ചു. 1200ടൺ ദുരന്തനിവാരണ സാമഗ്രികളും എത്തിച്ചു. ഭക്ഷണവുമായി എ.എൻ-32 അടക്കം 27വിമാനങ്ങൾ കേരളത്തിലേക്ക് പറന്നെത്തി. സി130-ജെ, ഗ്ലോബ്‌മാസ്റ്റർ വിമാനങ്ങളിൽ രക്ഷാദൗത്യത്തിന് സേനയെ എത്തിച്ചു. മൂന്ന് എ.എൻ-32 വിമാനങ്ങളിൽ മൊബൈൽ ആശുപത്രി സജ്ജമാക്കി. എയർലിഫ്‌റ്റിംഗിന് ഗരുഡ് കമാൻഡോകളെ എത്തിച്ചു.
നാവികസേനയുടെ104, കോസ്റ്റ്‌ഗാർഡിന്റെ 74ബോട്ടുകളും 14വിമാനങ്ങളും പത്തിലേറെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ടായിരുന്നു.
മഹാമാരിയും പെരുവെള്ളപ്പാച്ചിലും ദുരന്തം വിതച്ച വടക്കൻജില്ലകളിൽ ജീവനുകൾ രക്ഷിച്ചെടുക്കാൻ പിന്നീട് സൈന്യമെത്തി. റോഡുകളും പാലങ്ങളും തകർന്ന് ആളുകൾ ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലേക്ക് കരസേനയും ദേശീയദുരന്തനിവാരണ സേനയുമാണ് ആദ്യമെത്തിയത്. കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗ് നടത്താൻ റെസ്ക്യൂബാസ്കറ്റുകൾ ഘടിപ്പിച്ച നാല് മി-17വി5 ഹെലികോപ്ടറുകൾ വ്യോമസേന സജ്ജമാക്കി. ഏത് കുത്തൊഴുക്കിൽ നിന്നും ആളുകളെ രക്ഷിക്കാൻ പരിശീലനംനേടിയ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളുമെത്തി. ഉരുൾപൊട്ടലിൽ വീടുകളും കെട്ടിടങ്ങളും തരിപ്പണമായ വയനാട്ടിലെ പുത്തുമലയിൽ ലഫ്.കേണൽ തീർത്ഥാങ്കറിന്റെ നേതൃത്വത്തിലുള്ള കരസേനാസംഘം കുടുങ്ങിപ്പോയ 150നാട്ടുകാരെ രക്ഷിച്ചു. നാല് മൃതശരീരങ്ങൾ കണ്ടെടുത്തു. പുത്തുമലയിലേക്കുള്ള തകർന്നറോഡുകൾ സൈന്യം ഗതാഗതയോഗ്യമാക്കി. പ്രളയത്തിൽ തകർന്ന പാലങ്ങളും റോഡുകളും പുനർനിർമ്മിച്ച്, രക്ഷാദൗത്യത്തിന് പിന്തുണ നൽകാൻ ഭോപ്പാൽ, ജോധ്പൂർ എന്നിവിടങ്ങളിൽ നിന്ന് എൻജിനിയറിംഗ് ടാസ്ക് ഫോഴ്സ് പ്രത്യേകവിമാനത്തിൽ കോഴിക്കോട്ടെത്തി.
കഴിഞ്ഞ ഒക്ടോബറിൽ ഉരുൾപൊട്ടലിലും പേമാരിയിലും ദുരന്തമുഖമായി മാറിയ കോട്ടയത്ത്, സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം രക്ഷാദൗത്യത്തിനായി സൈന്യത്തെ നിയോഗിച്ചിരുന്നു. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് മേജർ എബിൻ പോളിന്റെ നേതൃത്വത്തിൽ രണ്ട് ജെ.സി.ഒമാരും മുപ്പത് ഉദ്യോഗസ്ഥരുമുൾപ്പെട്ട കരസേനയെയാണ് വിന്യസിച്ചത്. നാവികസേനയുടെ ഹെലികോപ്ടർ കൊച്ചിയിൽ നിന്ന് ഭക്ഷണപ്പൊതികൾ കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ വിതരണം ചെയ്തു.
കരസേനയുടെ രണ്ടു രക്ഷാപ്രവർത്തന സംഘങ്ങളിൽ ഒരെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം കോട്ടയത്തും വിന്യസിച്ചു. ഡിഫൻസ് സെക്യൂരിറ്റി കോപ്‌സിന്റെ ഓരോ സംഘങ്ങളെ കോഴിക്കോട്ടും വയനാട്ടിലും വിന്യസിച്ചു. വ്യോമസേനയുടെ രണ്ടു ചോപ്പറുകൾ തിരുവനന്തപുരം, കൊച്ചിയിലെ ഐ.എൻ.എസ് ഗരുഡ എന്നിവിടങ്ങളിൽ സജ്ജമാക്കി.
ചരിത്രമായ ഓഖി രക്ഷാദൗത്യം
ഓഖി വീശിയടിച്ച് കലങ്ങിമറിഞ്ഞ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 'ഓപ്പറേഷൻ സിനർജി' എന്ന സേനാദൗത്യം കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. 130കിലോമീറ്റർ വേഗതയിൽ ചുഴറ്റിയടിച്ച കാറ്റിൽ അകപ്പെട്ട 250മത്സ്യത്തൊഴിലാളികളെ കേരളത്തിലും 1047പേരെ ലക്ഷദ്വീപിലും സേനകൾ രക്ഷിച്ചു. വീശിയടിക്കുന്ന കാറ്റിലും ഇളകിമറിയുന്ന കടലിനു മുകളിലും നിലയുറപ്പിച്ച് കോപ്ടറുകളിൽ മത്സ്യത്തൊഴിലാളികളെ എയർലിഫ്‌റ്റ് ചെയ്യാൻ സൈന്യത്തിന് കഴിഞ്ഞു. തകർന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന് മനോധൈര്യം കൈവിടാതെ, കരകാണാക്കടലിൽ രക്ഷാപ്രവർത്തകരെ കാത്ത് ദിവസങ്ങളോളം ഒഴുകിനടന്നവരെ മി-17വി-5 ഹെലികോപ്ടറിൽ കോരിയെടുത്ത് കരയ്ക്കെത്തിച്ചു. തിരുവനന്തപുരത്തിന് 25മൈൽ പടിഞ്ഞാറ് കീഴ്മേൽ മറിഞ്ഞുകിടന്ന ബോട്ടിനെയും പരിസരത്തുണ്ടായിരുന്ന 18മത്സ്യത്തൊഴിലാളികളെയും നാവികസേനയുടെ പി-8ഐ (പൊസീജിയൻ-8 ഇന്ത്യ) വിമാനം കണ്ടെത്തി രക്ഷിച്ചു. താഴ്‌ന്നുപറക്കാവുന്ന ഹെലികോപ്‌ടർ കടലിലൂടെ തലങ്ങുംവിലങ്ങും പറന്നു. മറിഞ്ഞബോട്ടുകളിൽ അള്ളിപ്പിടിച്ചു കിടന്ന തൊഴിലാളികളെ പൊക്കിയെടുത്ത് വിഴിഞ്ഞം ബേസിലെത്തിച്ചു. കോപ്ടറിലെ മുങ്ങൽവിദഗ്ദ്ധർ കടലിലേക്ക് ചാടി തൊഴിലാളികളെ രക്ഷിച്ചു.
ശക്തമായ കാറ്റിനൊപ്പം കടലിൽ മൂന്നുമുതൽ അഞ്ചുവരെ മീറ്റർ ഉയരത്തിൽ തിരമാലകൾ ഉയർന്നു. വടക്കോട്ട് ശക്തമായ കാറ്റായിരുന്നു. സേനാകപ്പലുകൾക്ക് സഞ്ചരിക്കേണ്ടിയിരുന്നത് തെക്കൻ തീരത്തേക്കും. ഈ സാഹചര്യത്തിലാണ് പ്രക്ഷുബ്ധമായ കടലിൽ നിന്ന് ജീവനുകൾ കോരിയെടുക്കാൻ സേനകൾ കോപ്ടറുകളുമായെത്തിയത്. നിരീക്ഷണപരിധി കുറഞ്ഞപ്പോൾ താഴ്ന്നുപറക്കാനും ആളനക്കം കണ്ടെത്തി മത്സ്യത്തൊഴിലാളികളെ എയർ ലിഫ്‌റ്റ് ചെയ്യാനും സേനകൾക്ക് കഴിഞ്ഞു. ആദ്യ മൂന്നുദിവസം വ്യോമസേന മുന്നൂറിലധികം പറക്കലുകളാണ് നടത്തിയത്.
പിന്നീട് 2018ലെ മഹാപ്രളയകാലത്തും 2019ആഗസ്റ്റിലെ പ്രളയത്തിലും രക്ഷയ്ക്ക് സൈന്യമെത്തി. പ്രളയത്തിന്റെ കുത്തൊഴുക്കിൽ സംസ്ഥാനം വിറങ്ങലിച്ച് നിൽക്കുമ്പോൾ പുറത്തുകടക്കാൻ മാർഗ്ഗമില്ലാതെ ടെറസുകളിൽ അഭയം തേടിയവരെയും കഴുത്തറ്റം വെള്ളത്തിൽ മുങ്ങിനിന്നവരെയുമെല്ലാം സൈന്യം ഹെലികോപ്ടറിൽ എയർലിഫ്‌റ്രിംഗിലൂടെ രക്ഷിച്ചു. കുടുങ്ങിപ്പോയവരെ എയർലിഫ്‌റ്റിംഗ് നടത്താൻ റെസ്ക്യൂബാസ്കറ്റുകൾ ഘടിപ്പിച്ച നാല് മി-17വി5 ഹെലികോപ്ടറുകളാണ് വ്യോമസേന അയച്ചത്. പ്രതികൂല കാലാവസ്ഥയിലും താഴ്ന്നുപറന്ന് വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ എയർലിഫ്‌റ്റിംഗ് നടത്താൻ സൈന്യത്തിന് കഴിഞ്ഞു.