vellayani

അക്ഷരങ്ങളുടെ ഉറ്റതോഴൻ ഡോ. വെള്ളായണി അർജുനന് ഇന്ന് നവതിയുടെ നിറവ്. കൊവിഡ് ആഘോഷങ്ങളുടെ തിളക്കം കുറച്ചെങ്കിലും കാഴ്ചപ്പാടിലും നിലപാടുകളിലും ഇഷ്ടങ്ങളിലും മാറ്റമൊന്നുമില്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം .

90 വർഷങ്ങൾ ഈ മനോഹരമായ ഭൂമിയിൽ കഴിയാനായത് മഹാഭാഗ്യമായി കരുതുന്ന അദ്ദേഹം ഈ ജീവിതത്തിനിടെ തനിക്ക് ചെയ്യാൻ കഴിയുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനായോ എന്ന് ചോദിച്ചാൽ അങ്ങനെയൊരാളെ ഈ ഭൂമിയിൽ കണ്ടെത്തുക ദുഷ്ക്കരമാകുമെന്നാണ് മറുപടി. ഒരു യാത്ര ചെയ്യാൻ അവസരം കിട്ടിയാൽ കാശ്മീരിലേക്ക് പോകണം. ഇതുവരെ അവിടെ പോകാൻ കഴിഞ്ഞിട്ടില്ല. അവിടത്തെ ആളുകൾ, ഭാഷ, സംസ്കാരം, സ്ഥലങ്ങൾ ഒക്കെ കാണണം, അറിയണം. എത്ര പോയാലും വീണ്ടും മാടിവിളിക്കുന്ന ഇടമാണ് അദ്ദേഹത്തിന് വാരാണസി. ഡോ. വെള്ളായണി അർജുനൻ സംസാരിക്കുന്നു.

പൂക്കളെ സ്നേഹിക്കുന്ന, യാത്രകൾ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളിൽ ആഴ്ന്നിറങ്ങുന്ന, വാക്കുകളെ അമ്മാനമാടുന്ന പ്രാസംഗികൻ എന്നതിനപ്പുറം വെള്ളായണി അർജുനൻ ‌?

തികഞ്ഞ സാധാരണ മനുഷ്യൻ. വളരെ പരിമിതമായ സാഹചര്യത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നയാൾ. കുട്ടിക്കാലത്തു തന്നെ പുസ്തകങ്ങളോടും വായനയോടും വലിയ താത്പര്യമായിരുന്നു. അത് എന്നെ കൂടുതൽ അറിയാൻ ആഗ്രഹമുള്ളയാളാക്കി. നവതിയുടെ ഭാഗമായി വലിയൊരു ഗ്രന്ഥം പ്രകാശനം ചെയ്യണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ കൊവിഡ് അതിനൊക്കെ തടസം സൃഷ്ടിച്ചു. എങ്കിലും ഗ്രന്ഥത്തിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ജീവിതത്തിൽ വഴിത്തിരിവായത് കേരളകൗമുദി പത്രാധിപർ കെ. സുകുമാരനെ പരിചയപ്പെട്ടതാണ്. പൊതുപ്രവർത്തകനായിരുന്ന വേലായുധൻ നാടാർ പാച്ചല്ലൂരിനടുത്തു വച്ച് പത്രാധിപരുടെ ജന്മദിനാഘോഷം നടത്തി. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആ വേദിയിൽ പ്രസംഗിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. അന്നത്തെ എന്റെ പ്രസംഗം പത്രാധിപർക്ക് വലിയ ഇഷ്ടമായി. 'അർജുനന്റെ പ്രസംഗം വളരെ ഇംപ്രസീവായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹവുമായി ഊഷ്മളായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.

ജീവിതത്തിൽ ആദ്യമായി പ്രസംഗിച്ചത് ?

ഞാൻ ബി.എ ഓണേഴ്സിന് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ. ചരിത്രമാണ് പ്രധാന വിഷയം. കഷ്ടിച്ച് 18 വയസ് പ്രായം. അരുവിപ്പുറത്ത് ഗുരുജയന്തി ദിവസം യുവജന സമ്മേളനമുണ്ടായിരുന്നു. ആ സമ്മേളനത്തിലാണ് ആദ്യമായി പ്രസംഗിക്കുന്നത്. തുടർന്ന് എത്രയെത്ര വേദികൾ, എത്രയെത്ര പ്രസംഗങ്ങൾ. മാനസികമായി എന്നെ വളർത്തിയത് ശ്രീനാരായണ ഗുരുദേവൻ തന്നെയാണ്. ഗുരുദേവന്റെ കൃതികൾ വായിക്കുക മാത്രമല്ല അദ്ദേഹം കർമ്മനിരതനായിരുന്ന അരുവിപ്പുറം പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. അവിടെയൊക്കെ ചെന്നു നിൽക്കുമ്പോൾ മനസിൽ വല്ലാത്ത ഊർജം വന്നുനിറയും. അതാണ് മുന്നോട്ടു നയിക്കുന്നത്.

മലയാള ഭാഷയെ സ്നേഹിക്കുന്ന താങ്കൾക്ക് മാതൃഭാഷയോടുള്ള പുതിയ തലമുറയുടെ സമീപനത്തെക്കുറിച്ച് പറയാനുള്ളത് ?

അക്കാര്യത്തിൽ വളരെ ദുഃഖം തോന്നുന്നു. മാതൃഭാഷ കൃത്യമായി പഠിക്കാതെ വിദേശഭാഷ പഠിക്കാൻ അധിക കൗതുകം കാട്ടുന്നത് വളരെയേറെ വിഷമിപ്പിക്കുന്നു. നമ്മുടെ വിദ്യാഭ്യാസത്തിന്റെ പോരായ്മയാണത്. അധികാരം ഇരിക്കുന്നത് വേറെ ആളുകളുടെ കൈകളിലാണ്. അവർ നമ്മുടെ മലയാളത്തെ കൊച്ചുഭാഷയായി കാണുന്നു. നിലവിൽ നോക്കൂ ഹിന്ദിയാണ് ഇന്ത്യ ഭരിക്കുന്നത്. ഹിന്ദി സംസാരിക്കുന്നവർക്കിടയിൽ താമസിച്ച് ജോലി നോക്കിയിട്ടുള്ള ആളെന്ന നിലയിൽ എന്റെ അനുഭവം അവർക്കൊന്നും ഹിന്ദിയോട് യാതൊരു ആത്മാർത്ഥതയും ഇല്ലെന്നാണ് . മലയാളം മുന്നിലാകുന്ന കാലം ഉറപ്പായും വരും. കാരണമെന്താണെന്നോ ഓരോ ഭാഷായുഗത്തിലും കൃത്യമായ മാറ്റങ്ങളുണ്ടാകും. അത്തരമൊരു വലിയ മാറ്റം നമ്മുടെ മലയാള ഭാഷയുടെ കാര്യത്തിലും സംഭവിക്കും. അതിന്റെ ചില സൂചനകൾ കാണാനുമുണ്ട്.ഏതു ഭാഷയും പഠിക്കാമെന്ന മനോഭാവമാണ് ആദ്യം മലയാളിക്കുണ്ടാകേണ്ടത്.

തിരക്കിനിടയിൽ എപ്പോഴെങ്കിലും മാറിനിൽക്കാൻ തോന്നിയിട്ടുണ്ടോ ?

തിരക്കുകളിൽ നിന്ന് മാറിനിൽക്കണമെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിലും സമയം കിട്ടിയിട്ടില്ല. അക്കാര്യത്തിൽ എനിക്കേറ്റവും വിഷമം എന്റെ ഭാര്യ രാധാമണിയെക്കുറിച്ച് ഓർത്താണ്. അവർക്ക് ഈ എഴുത്തും സാഹിത്യവും പ്രസംഗവുമായൊന്നും ഒരു ബന്ധവുമില്ല. ഞാൻ ചിലപ്പോൾ ഇതിനെക്കുറിച്ചൊക്കെയാവും സംസാരിക്കുക. സുഹൃത്തുക്കൾ വന്നു കഴിഞ്ഞാൽ അവരുമായും ഈ വിഷയങ്ങളൊക്കെ സംസാരിച്ചിരിക്കും. കാത്തിരുന്ന് പാവം പോയിക്കിടന്ന് ഉറങ്ങും. വരുന്ന 15 ന് രാധാമണി പോയിട്ട് ഒരു വർഷം തികയുകയാണ്. ആ വേർപാട് എന്നും വിങ്ങലാണ്. എനിക്കൊപ്പം ചാല സ്കൂളിൽ പഠിച്ചിരുന്നവരിൽ പലരും കാണാനൊക്കെ വരുമായിരുന്നു. അയൽവാസി കൂടിയായിരുന്ന കൃഷ്ണൻനായർ മരിച്ചിട്ട് നാലു മാസം ആയതേയുള്ളൂ. അത്തരം സൗഹൃദങ്ങൾ എന്നെന്നേക്കുമായി ഇല്ലാതാകുന്നത് വല്ലാത്ത വിഷമം തന്നെയാണ്.

മക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഒന്നിനും നിർബന്ധിച്ചിട്ടില്ല. പക്ഷേ എന്തു ചെയ്താലും ആത്മാർത്ഥതയോടെ ചെയ്യണമെന്നു മാത്രം നിഷ്കർഷിച്ചിട്ടുണ്ട്. അത് മക്കളായ സുപ്രിയയായാലും സാഹിതിയായാലും രാജശ്രീയായാലും ജയശങ്കറായാലും പാലിച്ചിട്ടുമുണ്ട്. കൊച്ചുമക്കളൊക്കെ വന്ന് ഓരോ കാര്യങ്ങൾ ചോദിക്കും. അതെല്ലാം വിശദമായി പറഞ്ഞുകൊടുക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്.

10,000 പുസ്തകങ്ങളുള്ള ലൈബ്രറിയെപ്പറ്റി ?

വീട്ടിലെ എന്റെ സ്വന്തം ലൈബ്രറിയാണത്. അവിടെയുള്ള എല്ലാ പുസ്തകങ്ങളും ഞാൻ വായിച്ചതാണ്. ചില പുസ്തകങ്ങളൊക്കെ പലയാവർത്തി വായിച്ചു കഴിഞ്ഞു. അടുത്തുള്ള ലൈബ്രറികളിലെ പുസ്തകങ്ങളും വായിച്ച് തീർന്നു. എന്നാലും ഒരു പുസ്തകം കിട്ടിയാൽ ഇപ്പോഴും ഞാൻ പുസ്തക കുതുകിയാകും. രാവിലെ 10 മണിയാകുമ്പോൾ എഴുത്തും വായനയുമായി എന്റെ ഓഫീസിലേക്ക് പോകും. ഉച്ചയ്ക്ക് ഒരു മണിവരെ അവിടെത്തന്നെയാകും. പിന്നെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് വീണ്ടും വായന. പുതിയ പുതിയ അറിവുകൾ നേടാനായി.