
തിരുവനന്തപുരം: ഒരു മഴ പെയ്താൽ കാൽനടയാത്ര പോലും ദുഷ്കരമാകുന്ന നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ആക്ഷൻ പ്ളാനുമായി ജില്ലാഭരണകൂടം. മഴ പെയ്താൽ കുളമാകുന്ന റോഡുകളുടെ വിശദമായ സർവേയും മാപ്പിംഗും അടക്കം തയ്യാറാക്കിയാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ നടപടി. മുൻകാലങ്ങളിൽ മഴയ്ക്ക് മുമ്പ് കനാലുകളും ഓടകളും വൃത്തിയാക്കുന്നതുൾപ്പെടെ വെള്ളക്കെട്ട് തടയാൻ പല നടപടികളും സ്വീകരിച്ചെങ്കിലും അവയെല്ലാം വേണ്ടത്ര ഫലം കാണാതെ വന്നതോടെയാണ് വിശദമായ സർവേ നടത്താൻ തീരുമാനിച്ചത്. റിപ്പോർട്ട് ജില്ലാകളക്ടർ നവ്ജ്യോത് ഖോസ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. റവന്യൂ, പൊതുമരാമത്ത്, ചെറുകിട, വൻകിട ജലസേചന വകുപ്പുകൾ, കേരള റോഡ് ഫണ്ട് ബോർഡ്, നഗരസഭ എന്നിവ സംയുക്തമായാണ് സർവേയും മാപ്പിംഗും നടത്തിയത്.
60 സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
നഗരത്തിലെ 60 സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ ആണെന്നാണ് സർവേയിൽ കണ്ടെത്തിയത്. ഇതിൽ ഭൂരിഭാഗവും റോഡുകളാണ്. വെള്ളം കയറുന്ന സ്ഥലങ്ങളുടെ യഥാർത്ഥ സ്ഥാനം, വെള്ളം കയറാനുള്ള കാരണം, എത്രത്തോളം ദൂരം വെള്ളം കയറും, എത്രത്തോളം വെള്ളം ഉയരാം, വെള്ളക്കെട്ട് തടയാനുള്ള എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണം എന്നിവയെല്ലാം സർവേയിൽ ഉൾപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡായ കിഴക്കേകോട്ടയിൽ വെള്ളം കയറുന്നതിന് കാരണം ഓടകൾ അടയുന്നതും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി മാലിന്യങ്ങൾ ഒഴുകിപ്പോകാൻ നിർമ്മിച്ച കുഴികളാണെന്നും കണ്ടെത്തി. പാർവതിപുത്തനാറിൽ ചേരുന്ന തെക്കനക്കര കനാലിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി സർവേയിൽ കണ്ടെത്തി.
മണക്കാട് റോഡിൽ ഒരടി ഉയരത്തിൽ വെള്ളം
ചെറിയ മഴ പെയ്താൽ പോലും മണക്കാട് - കമലേശ്വരം റോഡിൽ നൂറ് മീറ്ററോളം ദൂരത്തിലും ഒരടി പൊക്കത്തിലും വെള്ളം ഉയരാറുണ്ട്. ഇവിടത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കൊണ്ടുവന്ന 8 കോടിയുടെ നബാർഡിന്റെ പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എസ്.എസ് കോവിൽ റോഡ്
തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ അഞ്ച് സെന്റിമീറ്റർ വരെ വെള്ളം ഉയരാറുണ്ട്. റോഡിന്റെ ചരിവുകൾ ഒരുപോലെ അല്ലാത്തതാണ് ഇവിടത്തെ വെള്ളക്കെട്ടിന് കാരണം. മാഞ്ഞാലിക്കുളം, ചാല മാർക്കറ്റ് റോഡ്, ഇടപ്പഴിഞ്ഞി - ജഗതി റോഡ്, കണ്ണമ്മൂല പാലം, ഈഞ്ചയ്ക്കൽ - വള്ളക്കടവ്, കമലേശ്വരം - തിരുവല്ലം, കുണ്ടമൺകടവ് - കരിംകുളം, കലാകൗമുദി റോഡ്, ഗൗരീശപട്ടം, പൈപ്പിൻമൂട് - ഗോൾഫ് ലിങ്ക്സ് തുടങ്ങിയ റോഡുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.