
വിഴിഞ്ഞം:ഉച്ചക്കടയിൽ യുവാവ് കുത്തേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി.കോളിയൂരിൽ കാർഷിക കോളേജ് റോഡിനു സമീപത്തെ ഒരു ഷെഡിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. പയറ്റുവിള സ്വദേശി റജി(44),സജീവ്(50) എന്നിവരെയാണ് എസ്.ഐ കെ.എൽ.സമ്പത്ത് അടക്കമുള്ള പൊലീസ് സംഘം പിടികൂടിയത്.പൊലീസ് സംഘത്തെ കണ്ടതോടെ പ്രതികൾ ഓടാൻ ശ്രമിച്ചെങ്കിലും രണ്ടു പേർ പിടിയിലായി.ഒപ്പമുണ്ടായിരുന്ന സുധീർ ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.ഇവരെക്കൂടി ചോദ്യം ചെയ്താലേ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.വിഴിഞ്ഞം ഉച്ചക്കട മരുതൂർക്കോണം റോഡിൽ 3ന് രാത്രി നടന്ന സംഭവത്തിൽ പയറ്റുവിള ആർ.സി ചർച്ചിനു സമീപം തേരിവിള പുത്തൻ വീട്ടിൽ ബി.സജികുമാർ (44) കുത്തേറ്റു മരിച്ച കേസിൽ ഇതുവരെ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. ഒളിവിലായിരുന്ന സജീവ് മറ്റൊരാളിന്റെ മൊബൈൽ ഫോണിൽ ഭാര്യയെ വിളിച്ചു.ഈ നമ്പർ പിൻ തുടർന്നാണ് പൊലീസിന് പ്രതികളെ പിടികൂടാനായത്. ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം തുടങ്ങി. എസ്.ഐ സമ്പത്തിനെ കൂടാതെ എ.എസ്.ഐ സാബു ചന്ദ്രൻ,സി.പി.ഒ പ്രകാശ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.