
₹നയിച്ചത് പർവതാരോഹണ സംഘം
തിരുവനന്തപുരം: പാലക്കാട് മലമ്പുഴ ചേറാട് മലയിടുക്കിൽ 48 മണിക്കൂറിലധികം കുടുങ്ങിയ ബാബുവിനെ കരസേനയുടെ പർവതാരോഹണ സംഘമാണ് രക്ഷപ്പെടുത്തിയതെന്ന് തിരുവനന്തപുരത്തെ സൈനിക വക്താവ് അറിയിച്ചു.
ദക്ഷിണ ഭാരത് ഏരിയ കമാൻഡിംഗ് ജനറൽ ഓഫീസർ ലെ്റ്റഫനന്റ് ജനറൽ എ അരുണിന്റെ നേതൃത്വത്തിലായിരുന്നു 'ഓപ്പറേഷൻ പാലക്കാട്' എന്ന് പേരിട്ട രക്ഷാദൗത്യം. പാറക്കെട്ടുകൾക്ക് കുറുകെയുള്ള അപകടകരമായ പിളർപ്പിൽ നിന്ന് ബാബുവിനെ രക്ഷിക്കാൻ വിവിധ സിവിൽ, പ്രതിരോധ ഏജൻസികൾ ഒത്തുചേർന്ന് പരിശ്രമിച്ചു.
കോസ്റ്റ് ഗാർഡ് ചേതക് ഹെലികോപ്ടർ ഉപയോഗിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ ദൗത്യം പൂർത്തിയാക്കാനായില്ല. മലമ്പുഴ അണക്കെട്ടിന്റെ വലിയ ജലാശയത്തിൽ നിന്ന് ഉയർന്ന കാറ്റ് പ്രക്ഷുബ്ധത സൃഷ്ടിച്ചതിനാൽ കോപ്ടറിന് ബാബുവിന്റെ അടുത്തെത്താൻ കഴിഞ്ഞില്ല. സംസ്ഥാന സർക്കാരും ജില്ലാ ദുരന്തനിവാരണ സമിതിയും രക്ഷാപ്രവർത്തനത്തിന് സൈന്യത്തോട് സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ബംഗളുരുവിലെ പാരച്യൂട്ട് റെജിമെന്റൽ സെന്ററിലെയും വെല്ലിംഗ്ടണിലെ മദ്രാസ് റെജിമെന്റൽ സെന്ററിലെയും പർവതാരോഹകവിദഗ്ധരടങ്ങുന്ന രണ്ട് സംഘങ്ങളെ സൈന്യം വിന്യസിച്ചു. ഒരുസംഘം മലമുകളിലേക്ക് പോയപ്പോൾ, രണ്ടാം സംഘം ദൗത്യം ഏകോപിപ്പിക്കുന്നതിന് താഴെ നിലയുറപ്പിച്ചു.
ബാബുവിനെ കണ്ടെത്താൻ ഇന്നലെ പുലർച്ചെ ഡ്രോൺ ഉപയോഗിച്ചുള്ള സൈനിക നിരീക്ഷണ ദൗത്യം ആരംഭിച്ചു. കണ്ടെത്തിയതിന് ശേഷം, മലമുകളിലുണ്ടായിരുന്ന കരസേന പർവതാരോഹക സംഘം ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ഇറങ്ങുകയും അവിടെ നിന്ന് സുരക്ഷിതമായി മുകളിലെത്തിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ മി-17 ഹെലികോപ്ടർ ഉപയോഗിച്ച് ബാബുവിനെ മലമുകളിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.