
വെള്ളക്കെട്ട് പരിഹരിക്കാൻ മന്ത്രി ആന്റണിരാജുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു
തിരുവനന്തപുരം: മഴക്കാലമായാൽ അരയ്ക്കൊപ്പം വെള്ളത്തിലാകുന്ന വെട്ടുകാട് ബാലൻ നഗർ, ഈന്തിവിളാകം എന്നിവിടങ്ങളിലെ ജനങ്ങൾ പ്രതീക്ഷയോടെയാണ് ഇന്നും ജീവിക്കുന്നത്. വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ നഗരസഭ കൈമലർത്തിയപ്പോൾ മണ്ഡലം എം.എൽ.എയും മന്ത്രിയുമായ ആന്റണിരാജു തന്നെ പ്രശ്നത്തിൽ നേരിട്ട് ഇടപ്പെട്ടു. മഴക്കാലത്ത് വെട്ടുകാട് ഈന്തിവിളാകം പ്രദേശത്തുണ്ടാകുന്ന വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. ചെറിയ മഴയത്ത് പോലും വെള്ളക്കെട്ടുണ്ടാകുന്നതിനെ തുടർന്ന് പ്രദേശവാസികൾ ബുദ്ധിമുട്ടുന്ന സഹചര്യത്തിലാണ് നടപടി. എയർപ്പോർട്ട്, ശംഖുംമുഖം, ഐ.എസ്.ആർ.ഒ, വെട്ടുകാട് തീർത്ഥാടന കേന്ദ്രം, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രയേയും വെള്ളക്കെട്ട് ബാധിക്കാറുണ്ട്. ഈന്തിവിളാകം ഭാഗത്തുനിന്ന് പാർവതി പുത്തനാറിലേക്ക് അധികജലം ഒഴുക്കിവിടുന്നതിന് സംവിധാനമൊരുക്കാൻ 1 കോടി 34 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ പദ്ധതി യോഗം വിലയിരുത്തി. അടുത്ത മഴക്കാലത്തിനു മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിർദ്ദേശിച്ചു.
400 ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടിനെ തുടർന്ന് ദുരിതമനുഭവിക്കുന്നത്. ആൾസെയിന്റ്സ് കോളേജിന് സമീപത്തുനിന്ന് എയർപ്പോർട്ടിലേക്കും പെരുമാതുറയിലേക്കുമുള്ള റോഡുകളുടെ വശം റോഡിനേക്കാൾ താഴ്ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് സ്ഥിരമായി വെള്ളക്കെട്ടുണ്ടാവുന്നത്. മഴക്കാലത്ത് ഇവിടെ നിന്ന് വെള്ളം ആൾസെയിന്റ് കോളേജിന് സമീപത്ത് കൂടി വട്ടക്കായൽ വഴി പാർവതി പുത്തനാറിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നത്. നിലംനികത്തലിലും മറ്റും ഈ ഓട അടഞ്ഞതിനെ തുടർന്നാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇത്തവണ കാലവർഷം മുതലുണ്ടായ തുടർച്ചയായ മഴയാണ് നാട്ടുകാരെ വലച്ചത്. മാസങ്ങളായി പ്രദേശമാകെ വെള്ളക്കെട്ടിലായതോടെ മിക്ക വീടുകളുടെയും സെപ്ടിക്ക് ടാങ്കുകൾ നിറഞ്ഞു. ഈ മാലിന്യവും മലിനജലവും പ്രദേശത്താകെ വ്യാപിച്ചതോടെ സാംക്രമികരോഗ ഭീഷണിയും ഉണ്ടായിരുന്നു. ദുരിതം ചൂണ്ടിക്കാട്ടി നാട്ടുകാർ കടകംപള്ളി വില്ലേജ് ഓഫീസിലും നഗരസഭയിലും സർക്കാരിനും പലതവണ പരാതികൾ സമർപ്പിച്ചിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഓട നിർമ്മാണത്തിന് പദ്ധതികളുണ്ടാകുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല.