
തിരുവനന്തപുരം: ഭഗവതിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്നലെ തുടക്കമായി. രാവിലെ 10.50ന് കാപ്പുകെട്ടൽ ചടങ്ങിനോടൊപ്പം പുറത്തെ പച്ചപ്പന്തലിൽ തോറ്റംപാട്ടുകാർ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി. ഈശ്വരൻനമ്പൂതിരിയുടെ കൈയിലും കെട്ടി.
പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയശേഷമാണ് തന്ത്രി കാപ്പണിയിച്ചത്. ഉത്സവം കഴിയുന്നതുവരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും. കാപ്പുകെട്ടൽ ചടങ്ങിൽ ക്ഷേത്രപരിസരത്ത് കൂടിയ ഭക്തർ ദേവീസ്‌തുതികൾ ഉരുവിട്ടു.
17ന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനും മേൽശാന്തി അനുഗമിക്കും. പിറ്റേന്ന് എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി കാപ്പഴിക്കുന്നതോടെ ഉത്സവം അവസാനിക്കും. കുത്തിയോട്ട വ്രതം വെള്ളിയാഴ്‌ച ആരംഭിക്കും.
17ന് പൊങ്കാല കഴിഞ്ഞ് വൈകിട്ട് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി പുറത്തെഴുന്നള്ളത്ത്. മണക്കാട് ശാസ്‌താക്ഷേത്രത്തിൽ നിന്ന് പിറ്റേന്ന് പകൽ മടക്കിയെഴുന്നള്ളത്ത്. 18ന് അർദ്ധരാത്രി നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.