dharna

വിതുര: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭരണ സ്തംഭനത്തിലേക്കും ഭരണ മുരടിപ്പിലൂടെയുമാണ് വിതുര പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രധാന കക്ഷികളായ സി.പി.എം - സി.പി.ഐ തമ്മിലടി മൂലം പഞ്ചായത്ത്‌ കമ്മിറ്റി പോലും ചേരാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. ഫെബ്രുവരി മൂന്നാം തീയതി ചേരാനിരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രതിപക്ഷത്തിനൊപ്പം സി.പി.ഐ, ജനതാദൾ അംഗങ്ങൾ കൂടി പങ്കെടുക്കാത്തതിനാൽ കമ്മിറ്റി ഒഴിവാക്കേണ്ടിവന്നു. ചേരിപ്പോര് മൂലം ചരിത്രത്തിലാദ്യമായി പ്രതിപക്ഷ അംഗത്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ കമ്മിറ്റി കൂടേണ്ട അവസ്ഥയുമുണ്ടായി. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതി വിനിയോഗത്തിൽ ജില്ലയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന പഞ്ചായത്ത് എന്ന നാണക്കേടിലേക്ക് വിതുരയെ എത്തിച്ചത് ഭരണകക്ഷികളുടെ ഈ തമ്മിലടി മൂലമാണെന്നും യു.ഡി.എഫ് ആരോപിച്ചു.

നാല് മാസത്തിലേറെയായി തൊഴിലുറപ്പ് പദ്ധതിയിലെ അക്കൗണ്ടന്റ് തസ്തികയിലെ ഒഴിവ് നികത്താൻ കഴിഞ്ഞിട്ടില്ല. ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരു മാസത്തിലേറേയായി. പട്ടികവർഗകാർക്ക് സംവരണം ചെയ്ത പ്രൊജക്റ്റ്‌ അസിസ്റ്റന്റ് ഒഴിവിലക്കം ഇന്റർവ്യൂ പൂർത്തിയായി ഒരു മാസം പിന്നിട്ടിട്ടും നിയമനം നടത്താൻ കഴിഞ്ഞിട്ടില്ല. ഫെബ്രുവരി മാസം പിന്നിടുമ്പോഴും അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതിയുടെ മുന്നൊരുക്കങ്ങൾ ചെയ്യാനും ഭരണസമിതിക്ക് കഴിയുന്നില്ല. തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത വർഷത്തേക്ക് ലേബർ ബഡ്ജറ്റ് തയ്യാറാക്കേണ്ട പ്രവർത്തനങ്ങൾ ജീവനക്കാരില്ലാത്തതിനാൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും യു.ഡി.എഫ് അംഗങ്ങൾ പറയുന്നു.

പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് അംഗങ്ങളായ മേമല വിജയൻ, ജി. ഗിരീഷ് കുമാർ, വിഷ്ണു ആനപ്പാറ, സുരേന്ദ്രൻ നായർ, ലതകുമാരി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി.