pvl

കാട്ടാക്കട: കേരളത്തിലെ സ്കൂളുകളുടെ പ്രവർത്തനങ്ങളെപ്പറ്റി പുതുക്കിയ മാർഗരേഖ 12ന് പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പൂവച്ചൽ ജി.വി.എച്ച്.എസ് സ്കൂൾ സമുച്ചയത്തിന്റെ ഉദ്ഘാടന പരിപാടികൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ ആവശ്യമെങ്കിൽ സ്കൂൾ തലത്തിൽ സ്പെഷ്യൽ ക്ളാസുകൾ ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.ഇന്ന് സംസ്ഥാനത്തെ 52 സ്കൂളുകളാണ് ഉദ്ഘാടനം ചെയ്യുന്നത്.ഇതിന്റെ തുടർ നടപടികൾ എന്നോണം സ്കൂളുകളിലെ ലൈബ്രറി,കളിസ്ഥലം എന്നിവയുടെ പരിമിതികൾ പരിഹരിക്കാനും സർക്കാർ നടപടിയുണ്ടാക്കും. മികച്ച ലൈബ്രറി സൗകര്യമുള്ള സ്കൂളുകളിൽ 10കോടി രൂപയുടെ പുസ്തകങ്ങൾ നൽകും.ആവശ്യമെങ്കിൽ പാർട്ടേം ലൈബ്രേറിയന്മാരെ നിയമിക്കുകയും ഓരോ അദ്ധ്യാപകർക്ക് ലൈബ്രറിയുടെ ചുമതല നൽകുകയും ചെയ്യും.ഫോക്കസ് ഏരിയ വിവാദത്തിൽ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതിന് എല്ലാവരുടെയും അഭിപ്രായങ്ങൾ സ്വീകരിക്കാനാവില്ലെന്നും സർക്കാരും വിദ്യാഭ്യാസ വകുപ്പുമാണ് നയങ്ങൾ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ ജി.സ്റ്റീഫൻ,ഐ.ബി.സതീഷ്,പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു,പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം രാധിക തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.