
തിരുവനന്തപുരം: ലൈഫ് പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേയ്ക്ക് ജീവനക്കാരെ വകുപ്പുമേധാവിയുടെ അനുമതിയോടെ മാത്രമേ നിയോഗിക്കാവൂവെന്ന കൃഷിവകുപ്പിന്റെ നിർദ്ദേശത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ചീഫ് സെക്രട്ടറി സമർപ്പിച്ച ഫോർമുലയാണിത്. മറ്റുവകുപ്പുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അവിടങ്ങളിലെ ജീവനക്കാരെ വിന്യസിക്കേണ്ടതെന്നും വകുപ്പ് മേധാവിയുടെ അനുമതിയോടെ ജില്ലാകളക്ടർമാർക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നല്കാമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. ഇന്നലെ മന്ത്രിസഭായോഗത്തിൽ ഇത് മുഖ്യമന്ത്രി അംഗീകരിച്ചതോടെ ലൈഫ് സർവേയുമായി ബന്ധപ്പെട്ട് കൃഷി, തദ്ദേശ വകുപ്പുകൾ തമ്മിൽ മാസങ്ങളായി തുടർന്ന തർക്കത്തിന് പരിഹാരമായി.
അപേക്ഷകരുടെ എണ്ണം കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ആവശ്യമെങ്കിൽ കുടുംബശ്രീയുടെ സഹായം തേടും.
അധികാര വികേന്ദ്രീകരണത്തിലൂടെ കൈമാറിക്കിട്ടിയ അധികാരം ഉപയോഗിച്ച് കൃഷിവകുപ്പ് ജീവനക്കാരെ ലൈഫ് പദ്ധതിയുടെ സർവേയ്ക്ക് നിയോഗിക്കാൻ തദ്ദേശ വകുപ്പ് സ്വന്തംനിലയ്ക്ക് ഉത്തരവിറക്കിയതാണ് തർക്കത്തിന് തുടക്കമിട്ടത്. ചില തദ്ദേശ സ്ഥാപനങ്ങൾ അദ്ധ്യാപകരെയും നിയോഗിച്ചിരുന്നു. പലയിടത്തും കൃഷി അസിസ്റ്റന്റുമാരെ സർവേയ്ക്ക് നിയോഗിച്ചതോടെ കൃഷിഭവനുകളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിച്ചെന്നും കൃഷിനാശത്തിനുള്ള നഷ്ടപരിഹാര വിതരണം മുടങ്ങിയെന്നും കൃഷിവകുപ്പ് പരാതിപ്പെട്ടിരുന്നു. കൃഷി, തദ്ദേശ വകുപ്പുകൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ വിഷയം വകുപ്പ് മന്ത്രിമാർ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്നാണ് പരിഹാര ഫോർമുലയുണ്ടാക്കാൻ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കഴിഞ്ഞമാസം അഞ്ചിന് ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചപ്പോൾ തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്റെ വാദഗതികളെ മന്ത്രിമാരായ പി. പ്രസാദും വി. ശിവൻകുട്ടിയും എതിർത്തിരുന്നു.
ചീഫ് സെക്രട്ടറിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തദ്ദേശവകുപ്പ് ഇന്നലെ തയ്യാറായതോടെയാണ് പ്രശ്നപരിഹാരമായത്. തർക്കം കാരണം സർവേ നടപടികൾ രണ്ടര മാസത്തോളമായി പല സ്ഥലങ്ങളിലും മുടങ്ങിയിരിക്കുകയാണ്. ആവശ്യമെങ്കിൽ കുടുംബശ്രീയുടെ സഹായം തേടാമെന്ന നിർദ്ദേശം തദ്ദേശവകുപ്പാണ് മുന്നോട്ടുവച്ചത്.