swapna

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദരേഖയെ പറ്റി സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി കൊച്ചി ജോയിന്റ് ഡയറക്ടർ ഡൽഹിയിലെ ആസ്ഥാനത്തേക്ക് കത്തുനൽകി.

ഇ. ഡി കസ്​റ്റഡിയിലിരിക്കെ പ്രചരിച്ച തന്റെ ശബ്ദരേഖ ശിവശങ്കർ ആസൂത്രണം ചെയ്തതാണെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിതെറ്റിക്കാനും മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമിക്കുന്നെന്ന് വരുത്താനുമായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തിയതിനെ തുടർന്നാണിത്.

സ്വപ്നയുടെ എസ്കോർട്ട് ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ് ശബ്ദരേഖയ്ക്ക് പിന്നിലെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഇവർക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടെങ്കിലും, പൊലീസുകാരുടെ മൊഴിയെടുത്ത് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് കേസുകളെടുക്കുകയാണ് പൊലീസ് ചെയ്തത്. ഇവ ഹൈക്കോടതി റദ്ദാക്കി. പിന്നീട് ഇ.ഡിക്കെതിരെ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണവും ഹൈക്കോടതി സ്റ്റേ ചെയ്തു. പൊലീസ് ഹൈടെക് സെല്ലിനും സ്വപ്നയുടെ ശബ്ദമാണോയെന്ന് തിരിച്ചറിയാനായിട്ടില്ല.

പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോൺസ്​റ്റബിളും പാലാരിവട്ടം സ്​റ്റേഷനിലെ മ​റ്റൊരു വനിതാ കോൺസ്​റ്റബിളുമാണ് സ്വപ്‌നയ്‌ക്ക് എസ്‌കോർട്ട് ഡ്യൂട്ടി പോയത്. ജില്ലാ ഭാരവാഹി തൃപ്പൂണിത്തുറ സ്​റ്റേഷനിലായിരുന്നു. ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഫോണിൽ പറയാനുള്ള കാര്യങ്ങൾ എറണാകുളത്ത് എത്തിച്ചതെന്ന് ഇ.ഡി പറയുന്നു. സ്വപ്‌നയ്‌ക്ക് പൊലീസുകാരിയുടെ ഫോൺ നൽകി പുറത്തേക്ക് വിളിപ്പിച്ച് സന്ദേശം വായിപ്പിച്ച് റെക്കാർഡ് ചെയ്യുകയായിരുന്നു. ഇത് അന്വേഷണ ഏജൻസികൾക്കെതിരെ പ്രചരിപ്പിച്ചു. സന്ദേശം റെക്കാർഡ് ചെയ്തവർക്കും ഒത്താശ ചെയ്തവർക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം.

സ്വപ്നയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തുടരന്വേഷണം നടത്താനാണ് ഇ.ഡി ഒരുങ്ങുന്നത്. ചോദ്യംചെയ്യലിന് സ്വപ്നയ്ക്ക് സമൻസ് നൽകിയിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണം റദ്ദാക്കിയതിനെതിരായ അപ്പീലിലും സ്വപ്നയുടെ വെളിപ്പെടുത്തൽ കേന്ദ്രഏജൻസികൾ ഉപയോഗിക്കും.

സ്വപ്നയുടെ ശബ്ദ രേഖ ഇങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നൽകി

മൊഴി വായിക്കാൻ സാവകാശം നൽകാതെ മൊഴിപ്പകർപ്പിൽ ഒപ്പിട്ടുവാങ്ങി. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കു വേണ്ടി 'ഫിനാൻഷ്യൽ നെഗോഷിയേഷൻ' നടത്തിയെന്നു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തി.

മുഖ്യമന്ത്രിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് പറയിക്കാൻ കേന്ദ്രഏജൻസികൾ സമ്മർദ്ദം ചെലുത്തിയില്ല.

മുഖ്യമന്ത്രിയുമായുള്ള ബന്ധത്തെക്കുറിച്ച് സാധാരണ ചോദ്യങ്ങൾ മാത്രം