
മലയിൻകീഴ്: കാട്ടാക്കട പേയാട് റോഡിൽ കരിപ്പൂര് കൊടും വളവിൽ കഴിഞ്ഞ ഒരു വർഷമായി തകർന്ന് വെള്ളക്കെട്ടായി തീർന്നിരുന്ന റോഡ് കേരളകൗമുദി വാർത്തയെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ പൊതുമരാമത്ത് മലയിൻകീഴ് എ.ഇ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കുഴി കോൺക്രീറ്റ് ഇട്ട് താത്കാലികമായി അടച്ചു. എന്നിട്ടും റോഡിനടിയിൽ നിന്നും വെള്ളം മുകളിലേയ്ക്ക് പായുകയാണിപ്പോഴും. ഇക്കാര്യം എ.ഇ.ദീപക് വാട്ടർ അതോറിട്ടി നെയ്യാറ്റിൻകര സെക്ഷനിലെ എ.എക്സ്.ഇ.യെ അറിയിച്ചു. അവർ അടുത്ത ദിവസം സ്ഥലത്തെി പരിശോധന നടത്തും. പൈപ്പ് പൊട്ടിയാണ് വെള്ളം ഒഴുകുന്നതെങ്കിൽ അതു പരിഹരിക്കുമെന്നും എ.എക്സ്.ഇ അറിയിച്ചു. കുഴി അടയ്ക്കുന്നതിന്റെ ഭാഗമായി ജെ.സി.ബിഉപയോഗിച്ചപ്പോൾ റോഡിലെ മണ്ണിനടിയിൽ നിന്നും ശക്തമയി വെള്ളം മുകളിലേയ്ക്ക് ഒഴുകുന്നുണ്ടായിരുന്നു. കരിപ്പൂര് കൊടും വളവിൽ കഴിഞ്ഞ ഒരു വർഷമായി റോഡാകെ തകർന്ന് വെള്ളക്കെട്ടായി തീർന്നിരുന്നു. നിവരധി പരാതികൾ പൊതുമരാമത്ത് വകുപ്പിലും വാട്ടർ അതോറിട്ടിക്കും നൽകിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നതിനാൽ രണ്ട് ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളും റോഡിന്റെ പ്രശ്നമില്ലാത്ത ഭാഗത്ത് വരുമ്പോഴാണ് പലപ്പോഴുമിവിടെ അപകടമുണ്ടാകുന്നത്. വെള്ളം കെട്ടി നിൽക്കുന്നത് ചെറിയ കുഴിയാണെന്ന് ധരിച്ച് ഇരുചക്രവാഹമുൾപ്പെടെ ഇറക്കുമ്പോൾ തെന്നിവീണ് അപകടമുണ്ടാകുന്നതും പതിവായിരുന്നു. ഇക്കാര്യം വിശദീകരിച്ചാണ് കേരളകൗമുദി ബുധനാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.