
തിരുവനന്തപുരം: സോളാർ അഴിമതിയാരോപണ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന സബ് കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദൻ ജില്ലാ കോടതിയിൽ അപ്പീൽ നൽകി. വി.എസ് നഷ്ടപരിഹാരമായി 10,10,000 രൂപ നൽകണമെന്നാണ് സബ് കോടതി ഉത്തരവ്.
കീഴ് കോടതിയുടെ കണ്ടെത്തലുകളും അനുമാനങ്ങളും ശരിയല്ലെന്ന് അപ്പീലിൽ പറയുന്നു. ഹാജരാക്കിയ രേഖകളും താൻ ഉന്നയിച്ച വാദങ്ങളും കീഴ്കോടതി വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്നും വി.എസിന്റെ അപ്പീലിലുണ്ട്. 2013ൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഉമ്മൻചാണ്ടിക്കെതിരെ വി.എസ് ആരോപണം ഉന്നയിച്ചത്. ആരോപണം പിൻവലിച്ച് മാപ്പു പറയണമെന്ന ആവശ്യം വി.എസ് നിരാകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി ഫയൽ ചെയ്തത്.