
തിരുവനന്തപുരം: ദേശീയ ക്ഷീരവികസന ബോർഡിൽ (എൻ.ഡി.ഡി.ബി) സ്വകാര്യ മേഖലയുടെ പ്രാതിനിധ്യം കൊണ്ടുവരാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ മിൽമ രംഗത്ത്. സ്വകാര്യ ഡെയറി മേഖലയിൽ നിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള നിർദ്ദേശം രാജ്യത്തെ ക്ഷീര സഹകരണ സംഘങ്ങളെയും ലക്ഷക്കണക്കിന് ക്ഷീരകർഷകരെയും സാരമായി ബാധിക്കുമെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലും തേടും.
പുതിയ നിർദ്ദേശം ക്ഷീര സഹകരണ സംഘങ്ങളെ സ്വകാര്യ മേഖലയുടെ ഇടപെടലിലേക്ക് നയിക്കും. രാജ്യവ്യാപകമായി ക്ഷീര സഹകരണ പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കാനുള്ള സംരംഭങ്ങളെയും കാഴ്ചപ്പാടിനെയും ഇത് തടസപ്പെടുത്തും.