
തിരുവനന്തപുരം: റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ 27.67 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. ജല അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷൻ, വർക്കല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് സംസ്കരണ പ്ലാന്റ്, കൊല്ലം മയ്യനാട് ഗ്രാമ പഞ്ചായത്തിൽ സ്വീവേജ് സംസ്‌കരണ പ്ലാന്റ് തുടങ്ങിയവയാണ് നടപ്പാക്കുക.
മറ്റ് തീരുമാനങ്ങൾ
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികകൾ. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ നാല് വീതവും കോട്ടയം,
തൃശൂർ, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ രണ്ട് വീതവും തസ്തികകളാണ് സൃഷ്ടിക്കുക.
പൊലീസ് വകുപ്പിൽ ക്രൈം ബ്രാഞ്ചിൽ നാല് ലീഗൽ അഡ്വൈസർ തസ്തികകൾ സൃഷ്ടിക്കും.
സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്‌കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് സ്വദേശി ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ.
ഹിന്ദുസ്ഥാൻ ലാറ്റക്സ് സ്വകാര്യവൽക്കരണത്തിന് കേന്ദ്രത്തിന്റെ ലേലത്തിൽ പങ്കെടുക്കാനും കമ്പനിയുടെ കേരളത്തിലെ ആസ്തികൾ ഏറ്റെടുക്കുന്നത് പരിശോധിക്കാനും കെ.എസ്.ഐ.ഡി.സിയെ ചുമതലപ്പെടുത്തി.
സ്‌പെഷ്യൽ സ്‌കൂളുകളിലെ സ്‌പീച്ച് തെറാപ്പിസ്റ്റ് തസ്‌തികയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്‌പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് അഥവാ സ്പീച്ച് തെറാപിസ്റ്റ് എന്ന് മാറ്റും.
ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി / ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ ആർ.സി.ഐ രജിസ്‌ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പാത്തോളജിസ്റ്റ് സ്പീച്ച് തെറാപിസ്റ്റ് തത്തുല്യ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയാക്കും.
കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് ഭൂമി ഏറ്റെടുക്കാൻ 114 കോടി രൂപ കിഫ്ബി ഫണ്ട് തേടും.