kseb

തിരുവനന്തപുരം: കെ.എസ്.ഇ.ബി. ആസ്ഥാനമായ വൈദ്യുതിഭവന്റെ സുരക്ഷ സംസ്ഥാന പൊലീസിലെ സ്റ്റേറ്റ് ഇൻഡസ്ട്രിൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപിക്കും. വിമാനത്താവളങ്ങളിലും മറ്റും സുരക്ഷാചുമതലയുള്ള കേന്ദ്രസേനയായ സി.ഐ.എസ്.എഫിന് സമാനമായി സംസ്ഥാനത്തുണ്ടാക്കിയ വിഭാഗമാണ് എസ്.ഐ.എസ്.എഫ്.

ടെക്നോപാർക്കിന്റെ സുരക്ഷ ഇവർക്കാണ്.

അതീവസുരക്ഷ വേണ്ട വ്യവസായ വിഭാഗത്തിൽ പെട്ടതോടെ കേന്ദ്ര നിർദ്ദേശമനുസരിച്ചാണ് പരിഷ്ക്കാരം. കെ.എസ്.ഇ.ബി.യുടെ സൈബർ സുരക്ഷ ശക്തമല്ലെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് സൈബർ വിഭാഗത്തിലും ആസ്ഥാനത്തും ജലവൈദ്യുതി കേന്ദ്രങ്ങളിലും ശക്തമായ സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇൗ മാസം പതിനഞ്ചിന് ശേഷം നിലവിൽ വരും. നിലവിൽ 100 പൊലീസുകാരും സ്വകാര്യ ഏജൻസികളിലെ 221പേരുമാണ് കെ.എസ്.ഇ.ബി.യുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ളത്. ഇവർക്കു പകരം എസ്.ഐ.എസ്.എഫിന്റെ 325 പേരെ നിയോഗിക്കും. ഇതിൽ പകുതിയോളം പേർക്ക് ആധുനിക തോക്കുകളുണ്ട്. പട്ടത്തെ വൈദ്യുതിഭവനിൽ നാല് ആയുധധാരികൾ ഉൾപ്പെടെ എട്ടുപേരുണ്ടാവും.
സുരക്ഷാ പരിഷ്ക്കരണത്തിൽ കെ.എസ്.ഇ.ബി.യിലെ ഒരുവിഭാഗം ജീവനക്കാരും ഒാഫീസേഴ്സ് അസോസിയേഷനും എതിർപ്പുണ്ട്. സാമ്പത്തികമായി നഷ്ടമുള്ളപ്പോൾ സുരക്ഷയ്ക്കായി കൂടുതൽ ചെലവാക്കുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട്.

അതേസമയം സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഭരണകക്ഷി സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടെന്നും വൈദ്യുതി ഭവൻ അങ്കണത്തിൽ വായമൂടിക്കെട്ടി പ്രതിഷേധവും എച്ച്. ആർ.വിഭാഗം ചീഫ് എൻജിനിയറുടെ ഒാഫീസിൽ അതിക്രമിച്ച് കയറി പ്രതിഷേധിക്കുകയുമൊക്കെ ഉണ്ടായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുന്നത് ഗൂഢതാൽപര്യത്തോടെയാണെന്ന ആക്ഷേപവും ഉണ്ട്.