
തിരുവനന്തപുരം: ബസ് ചാർജ് കൂട്ടുന്നതിനൊപ്പം രാത്രി യാത്രയ്ക്ക് 40% അധിക ചാർജ് ഈടാക്കിയാൽ സർക്കാരിനെതിരെ സാധാരണക്കാരുടെ അമർഷം ഉണ്ടാകുമെന്ന് കണ്ടാണ് ഇന്നലത്തെ മന്ത്രിസഭായോഗം ബസ് ചാർജ് വർദ്ധനവ് തീരുമാനം മാറ്റിയത്.
ചില നിഷിപ്ത താൽപര്യക്കാരെ പ്രീതിപ്പെടുത്താനാണ് ബസ് ചാർജ് വർദ്ധനവ് സംബന്ധിച്ച റിപ്പോർട്ടിൽ രാത്രിയാത്രയ്ക്ക് 40% അധിക നിരക്ക് എന്ന നിർദേശം ഉൾപ്പെടുത്തിയത്.
ഓർഡിനറി ബസുകളുടെ മിനിമം ടിക്കറ്റ് ചാർജ് 8ൽ നിന്ന് 10 രൂപയാക്കുന്നതിൽ പൊതുവെ എതിർപ്പില്ലെങ്കിലും രാത്രി യാത്രയ്ക്ക് 40% അധിക നിരക്ക് ഈടാക്കിയാൽ കൂലിപ്പണിക്കാരെയും കടകളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവരുമൊക്കെ ബാധിക്കും. അതിനാൽ കൂടുതൽ ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചു. വിഷയം മന്ത്രിസഭായോഗത്തിൽ എത്തിയതുമില്ല.
അയൽ സംസ്ഥാനങ്ങളിലൊന്നും ഓർഡിനറി ബസുകളിലെ രാത്രി യാത്രയ്ക്ക് അധിക ചാർജ് ഇല്ല. അവിടങ്ങളിൽ ബസ് യാത്രാ നിരക്കും കുറവാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബസ് ചാർജ് വർദ്ധന മാറ്റിവച്ചു
വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തിയ ശേഷം ചേർന്ന ആദ്യത്തെ മന്ത്രിസഭായോഗത്തിൽ അജൻഡയിൽ വിഷയബാഹുല്യം. ഇതേത്തുടർന്ന് ബസ് ചാർജ് വർദ്ധന ഉൾപ്പെടെ ഇന്നലെ പരിഗണനയ്ക്കെടുത്തില്ല. ഇത് അടുത്താഴ്ച പരിഗണിച്ചേക്കും. ഏറെ നാളുകൾക്ക് ശേഷം ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വാർത്താസമ്മേളനനം നടത്തി സർക്കാരിന്റെ പുതിയ നൂറുദിന കർമ്മപരിപാടികൾ പ്രഖ്യാപിച്ചിരുന്നു. ജനത്തിന് ഭാരമാകുന്ന ബസ്, ഓട്ടോ- ടാക്സി നിരക്ക് വർദ്ധന ഇതിന്റെ കൂട്ടത്തിൽ പ്രഖ്യാപിക്കുന്നത് ശരിയാകില്ലെന്നതും ബസ് പോയിന്റ് ക്രമീകരണത്തിലുള്ള അശാസ്ത്രീയത പരിഹരിക്കാതെ നിരക്ക് വർദ്ധിപ്പിച്ചാലത് യാത്രക്കാർക്ക് വൻ ഭാരമാകുമെന്ന ആക്ഷേപവും കണക്കിലെടുത്താണ് മാറ്റിവച്ചതെന്ന് സൂചനയുണ്ട്.