pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് കേസുകൾ ഇനി വലിയ തോതിൽ വർദ്ധിക്കാനുള്ള സാഹചര്യമില്ലെന്നും പക്ഷേ, എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യ രണ്ടുതരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം ആവിഷ്‌കരിച്ചത്. ഡെൽറ്റാ വകഭേദത്തിന് രോഗ തീവ്രത കൂടുതലായിരുന്നു. എന്നാൽ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ്.

ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കൂട്ടുന്നത്. ലോകമെമ്പാടും ഒമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണിത്. ഒമിക്രോൺ വ്യാപിച്ചതോടെ ജനുവരി ഒന്നിന് സംസ്ഥാനത്തും മൂന്നാം തരംഗം ആരംഭിച്ചു. ഉയർന്ന വേഗത്തിൽ തന്നെ കേസുകൾ കുറഞ്ഞും വരുന്നുണ്ട്.

സംസ്ഥാനത്ത് മഹാഭൂരിപക്ഷം പേരും കൊവിഡിനെതിരായ രോഗ പ്രതിരോധ ശേഷി നേടി. 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലെത്തി. രണ്ടുഡോസും എടുത്തവർ 85 ശതമാനവും. 15 മുതൽ 17 വയസു വരെയുള്ള വാക്‌സിനേഷൻ 74 ശതമാനം. കരുതൽ ഡോസിന് അർഹതയുള്ള 41 ശതമാനം പേർക്കും വാക്‌സിൻ നൽകി.

 1% ന്യുമോണിയ സാദ്ധ്യത

മൂന്നാം തരംഗത്തിൽ മൂന്നു ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നതെങ്കിലും ഒരു ശതമാനം പേർക്ക് ഗുരുതരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യുമോണിയ ഉണ്ടാകാൻ സാദ്ധ്യതയുള്ള ഈ ഒരു ശതമാനം പേരെ കണ്ടുപിടിച്ച് കൃത്യമായ ചികിത്സ നൽകുകയാണ് പ്രധാനം. ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോഗികൾ അപായ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാദ്ധ്യതയുണ്ട്.