2

വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി ഈ വർഷം തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. നിർമ്മാണക്കമ്പനി 2023 ആണ് പറയുന്നതെങ്കിലും ഈ വർഷം അവസാനം ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രവർത്തന പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് സബ്സ്റ്റേഷൻ, ഗേറ്റ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം മാർച്ചിൽ നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പുലിമുട്ട് നിർമ്മാണം 1,​550 മീറ്റർ പൂർത്തീകരിച്ചിട്ടുണ്ട്. ഹൈവേ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. ടെലിഫോൺ മുഖാന്തരവും ചർച്ചകൾ നടക്കുകയാണ്. റെയിൽവേയുമായി നിലനിൽക്കുന്ന തർക്കവിഷയങ്ങളിൽ പരിഹാരം കാണുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസുമായി ചർച്ചകൾ നടത്തി. അവർ ആവശ്യപ്പെട്ട രീതിയിലുള്ള ഡി.പി.ആർ റെയിൽവേ അംഗീകരിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ പണിക്കാവശ്യമായ പാറകൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി ഉണ്ടായിരുന്ന തർക്കം പരിഹരിച്ചെന്നും മന്ത്രി പറഞ്ഞു. തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന ട്രക്കുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തുന്നതിന് വികസിപ്പിച്ച ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഹോളോഗ്രാം പതിപ്പിച്ച ട്രക്കുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു. ഇലക്ട്രിക് സബ്സ്റ്റേഷൻ, തുറമുഖത്തു നിന്ന് ദേശീയപാതയിലേക്ക് കയറുന്ന ലിങ്ക് റോഡ് കണക്റ്റിവിറ്റി ജംഗ്ഷൻ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ രാജേഷ് ഝാ, കോർപ്പറേറ്റ് അഫയേഴ്സ് തലവൻ സുശീൽ നായർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സി.ഇ.ഒ ഡോ. ജയകുമാർ, പ്രോജക്ട് ഡയറക്ടർ എത്തിരാജൻ തുടങ്ങിയവർ പങ്കെടുത്തു.