
തിരുവനന്തപുരം: യു.എ.ഇയിലെ അഞ്ച് ദിവസത്തെ സന്ദർശനം വൻ വിജയമായിരുന്നുവെന്നും അവിടുത്തെ പ്രതികരണങ്ങൾ സംസ്ഥാനത്തിന്റെ പുരോഗതിക്കുള്ള തടസങ്ങൾ മിറകടക്കാനുള്ള ശ്രമങ്ങൾക്ക് വലിയ ഊർജമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാണിജ്യവ്യവസായരംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് അബുദാബി ചേംബറിന്റെ ഉന്നതതലസംഘം കേരളം സന്ദർശിക്കും. ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
യു.എ.ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽസിയൂദി, മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അബ്ദുൽ മനാൻ അൽ അവാർ, ഉപപ്രധാനമന്ത്രി ഷെയ്ക്ക് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, വ്യവസായ മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ സുൽത്താൻ അഹമ്മദ് ബിൻ ജാബിർ എന്നിവരുമായി നടത്തിയ കൂടികാഴ്ചയിൽ കേരളത്തിന്റെ ഉന്നമനത്തിനുതകുന്ന പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
നിക്ഷേപങ്ങൾ നിരവധി
ഹോട്ട്പാക്ക് 200 കോടിയുടെ നിക്ഷേപം, മുരല്യ 100 കോടിയുടെ നിക്ഷേപവും നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ ട്രാൻസ് വേൾഡ്, ഷറഫ് ഗ്രൂപ്പ് എന്നിവരും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേരളത്തിൽ തുടർഭരണം ഉണ്ടായത് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണകരമാകുമെന്ന് അബുദാബി രാജകുടുംബാംഗവും യു.എ.ഇ
ക്യാബിനറ്റ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ കൂടിക്കാഴ്ചയിൽ എടുത്തു പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയപ്പോൾ ഊഷ്മളമായ സ്വീകരണമാണ് യു.എ.ഇ ഭരണാധികാരികളിൽ നിന്നും മലയാളി പ്രവാസികളിൽ നിന്നും ലഭിച്ചത്. അവർക്കും യു.എ.ഇയിലെ കൂടിക്കാഴ്ചകളിൽ ഒപ്പമുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ എം.എ. യൂസഫലി, യു.എ.ഇയിലെ
ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ എന്നിവർക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
വർഗീയ ചേരിതിരിവ് അതീവ ഗൗരവതരം: മുഖ്യമന്ത്രി
സമൂഹത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങൾ അതീവ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് ഏതെല്ലാം തരത്തിൽ ആപത്ത് സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമാണ് സമീപകാലത്തെ സംഭവങ്ങൾ. ലതാ മങ്കേഷ്കറിന്റെ മൃതദേഹത്തിൽ ആദരവർപ്പിക്കാൻ ഷാരൂഖ് ഖാൻ രഹസ്യമായല്ല പോയത്. വളരെ ആദരവോടെയും സ്വാഭാവികമായുമാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. അതിനെ എങ്ങനെ വർഗീയമായി ചിത്രീകരിക്കാൻ കഴിയും? വർഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയുള്ളവരാക്കി കുട്ടികളെ മാറ്റാനാണ് ശ്രമം. വിദ്യാഭ്യാസ കാലം ഭിന്നതയുടെ കാലമല്ല. ഒരേ ക്ലാസ് മുറിയിൽ എല്ലാ വിഭാഗക്കാരുമുണ്ട്. ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമാണ് വിദ്യാലയങ്ങൾ. ചെറിയ കുട്ടികളുടെ മനസിൽ വർഗീയ വിഷം കുത്തിക്കയറ്റിയാൽ വലിയ ആപത്തായിരിക്കും ഫലം.