
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിൽ നിലവിലുള്ള ഒഴിവിൽ വി.ആർ. രമ്യയെ നിയമിക്കാൻ തീരുമാനിച്ചു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ടെക്നോളജിയിൽ അസോസിയേറ്റ് പ്രൊഫസറായ ഇവർ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്. എൻ.സി.പിയുടെ നോമിനിയാണ് രമ്യ.
രമ്യയുടെ നിയമനത്തോടെ പി.എസ്.സിയിൽ ചെയർമാനുൾപ്പെടെ 21 അംഗങ്ങളായി. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ രമ്യ ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയാണ്. റിട്ട. ഡിവൈ.എസ്.പി ആലുവിള കെ. രാജേന്ദ്രൻ, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് റിട്ട. സീനിയർ മാനേജർ വസന്തകുമാരി എന്നിവരുടെ മകളാണ്. ഭർത്താവ് ആർ. സജി യു.എ.ഇയിൽ മെക്കാനിക്കൽ എൻജിനിയറാണ്. മക്കൾ: അനന്തകൃഷ്ണൻ, ധനശ്രീ.
മാനേജിംഗ് ഡയറക്ടർമാരെ നിശ്ചയിച്ചു
വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിക്കാനും തീരുമാനിച്ചു. ടി.ജി. ഉല്ലാസ്കുമാറിനെ സ്റ്റീൽ ഇന്റസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെയും കെ. ലക്ഷ്മി നാരായണനെ മെറ്റൽ ഇന്റസ്ട്രീസ് ലിമിറ്റഡിന്റെയും വി.കെ. പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ.എ. സുബ്രഹ്മണ്യനെ കെ.എസ്.ഡി.പി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടർമാരായി നിയമിക്കും.