indrans

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ ഇന്നലെ നടൻ ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്തു. കുട്ടിക്കാലം മുതൽ ആറ്റുകാലമ്മയുടെ ഭക്തനാണ് താനെന്ന് ഇന്ദ്രൻസ് പറഞ്ഞു. എല്ലാ വിഷമങ്ങളും ആറ്റുകാലമ്മയോട് പറയുമായിരുന്നു. എല്ലാ പ്രാർത്ഥനകളുടെയും ഫലമാണ് ഇപ്പോൾ കിട്ടുന്ന അംഗീകാരങ്ങൾ. ഈയിടെ ഒ.ടി.ടിയിൽ റിലീസ് ചെയ്ത ഹോം എന്ന സിനിമയ്ക്ക് ലഭിച്ചത് അഭിനന്ദന പ്രവാഹമായിരുന്നു. എല്ലാവരോടും നന്ദിയുണ്ട്- ഇന്ദ്രൻസ് പറഞ്ഞു. അംബാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത കഥകളി നടൻ മാർഗി വിജയകുമാർ അംബാ പ്രസാദം പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. ട്രസ്റ്റിലെ ആദ്യകാല അംഗങ്ങളെ ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.ശിശുപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡന്റ് ബി. അനിൽകുമാർ, വൈസ് പ്രസിഡന്റ് വി.ശോഭ, ജോയിന്റ് സെക്രട്ടറി എം.എ.അജിത്‌കുമാർ, ട്രഷറർ പി.കെ.കൃഷ്ണൻ നായർ തുടങ്ങിയവർ സംബന്ധിച്ചു. അംബ, അംബിക, അംബാലിക എന്നിങ്ങനെ മൂന്നു വേദികളിലായിട്ടാണ് കലാപരിപാടികൾ നടക്കുന്നത്. ഉദ്ഘാടനശേഷം പ്രധാനവേദിയായ 'അംബ'യിൽ എൻ.ജെ. നന്ദിനിയുടെ സംഗീത കച്ചേരി നടന്നു.