
കുറ്റിപ്പുഴ കൃഷ്ണപിള്ള ഓർമ്മയായിട്ട് ഇന്ന് 51 വർഷം
.....................................
സ്വതന്ത്രമായി ചിന്തിക്കുകയും മൂർച്ചയുള്ള ശൈലിയിൽ എഴുതുകയും ചെയ്ത പ്രതിഭയാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ചിന്താമണ്ഡലത്തിൽ കുറ്റിപ്പുഴ വാരിവിതറിയ അഭിപ്രായങ്ങളുടെ കനലുകൾ ഇന്നും ജ്വലിക്കുന്നുണ്ട്. വ്യഗ്രത നിറഞ്ഞ ജീവിതത്തിനിടയിൽ വിവാഹം പോലും മറന്നുപോയ ഈ മനീഷി തന്റെ ജീവിതം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മാനസികമായ അടിമത്വത്തിനും എതിരായ ഒരു പോരാട്ടമായി മാറ്റി.
വിമർശനദീപ്തി, യുക്തിവിചാരം, ചിന്താതരംഗം, വിമർശനരശ്മി തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളിലൂടെ സ്വതന്ത്ര ചിന്തയുടെ പ്രകാശോജ്വലമായ ഒരു ലോകത്തേക്കുള്ള വാതായനങ്ങൾ അദ്ദേഹം തുറന്നുവച്ചു. പെരിയാറിന്റെ തീരത്ത് അതിരാവിലെ കുളിച്ച് ഈറനായി പ്രാർത്ഥനയും ജപവുമായി ഒരു സന്യാസിയുടെ മട്ടിൽ കഴിഞ്ഞിരുന്ന ഈ യുവാവ് സാഹിത്യവിമർശനത്തിന്റേയും സ്വതന്ത്രചിന്തയുടേയും ലോകത്ത് പ്രവേശിക്കുന്നത് വായന ഒരു തപസ്യയായി സ്വീകരിച്ചതിനുശേഷമാണ്. മാർക്‌സിന്റെയും ബർട്രൻഡ് റസലിന്റെയും എച്ച്. ജി. വെത്സിന്റെയും ഗ്രന്ഥങ്ങളിൽ മനസർപ്പിച്ചപ്പോഴാണ് കുറ്റിപ്പുഴ ചിന്താലോകത്ത് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പുതിയ ചിറകും പുതിയ ശബ്ദവുമായി ഉയിർത്തെഴുന്നേറ്റത്.
ശ്രീനാരായണ ഗുരുവും സഹോദരൻ അയ്യപ്പനുമൊക്കെ ആ ജീവിതത്തിൽ പുതിയ ചിന്തയുടെ പുണ്യതീർത്ഥം തളിച്ചു. മനസിലുണ്ടായിരുന്ന ജാതിചിന്തയുടെ നാമ്പുകൾ നുള്ളിയെറിഞ്ഞതും മനുഷ്യൻ എന്ന മഹാസത്യത്തിന്റെ ദീപ്തമുഖം കാണിച്ചുകൊടുത്തതും ഗുരുദേവനാണ്. ഒരു സംഭവം അദ്ദേഹം വിവരിച്ചിട്ടുണ്ട്. ആലുവാ അദ്വൈതാശ്രമം സ്കൂളിലെ ഒരദ്ധ്യാപകനായിരുന്നു കുറ്റിപ്പുഴ. ഗുരു അവിടത്തെ അന്തേവാസികൾക്കായി ഇടയ്ക്ക് സദ്യ നടത്താറുണ്ട്. എല്ലാ മതക്കാരും അതിൽ പങ്കെടുക്കും. ഗുരുദേവനടുത്താണ് കുറ്റിപ്പുഴയ്ക്കും ഇലയിട്ടിരുന്നത്. ഗുരു കുറ്റിപ്പുഴയോടു ചോദിച്ചു:
''പോയോ?"
ഒന്നും മനസിലാകാതെ കുറ്റിപ്പുഴ മിഴിച്ചിരുന്നു. ഗുരുദേവൻ ചിരി ഒതുക്കിപ്പിടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു:
''എല്ലാം പോയോ?"
അപ്പോഴാണ് ജാതിചിന്തയെക്കുറിച്ചാണ് ഗുരു ചോദിക്കുന്നതെന്ന് കുറ്റിപ്പുഴയ്ക്കു മനസിലായത്. വിനയത്തോടെ ആ യുവാവ് പറഞ്ഞു:
''എല്ലാം പോയി സ്വാമി."
ആ ചെറിയ സംഭവത്തെപ്പറ്റി കുറ്റിപ്പുഴ പറഞ്ഞതിങ്ങനെയാണ്?
''ശ്രീനാരായണ ഗുരുവിന്റെ മഹത് സാന്നിദ്ധ്യത്തിൽ അന്നു ഞാൻ ആദ്യമായി മനുഷ്യജാതിയെ ദർശിച്ചു"
കുറ്റിപ്പുഴയുടെ ജീവിതത്തിന്റെ വഴിത്താരയിൽ സഹോദരൻ അയ്യപ്പനും സുഗന്ധപുഷ്പങ്ങൾ വിതറി.
കുറ്റിപ്പുഴ എഴുതി:
''സഹോദരൻ അയ്യപ്പനുമായി സംഭാഷണത്തിലേർപ്പെടുകയെന്നത് എന്റെ മനസിനൊരു ഔഷധസേവയായിരുന്നു. അതിനുവേണ്ടിത്തന്നെ ഞാൻ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വസതിയിൽ പോകാറുമുണ്ടായിരുന്നു.''
പ്രചോദനങ്ങൾക്കല്ലാതെ പ്രലോഭനങ്ങൾക്ക് കുറ്റിപ്പുഴ ഒരിക്കലും വഴങ്ങിയിട്ടില്ല. ഒരു സംഭവം ഇതാ: ഒരിക്കൽ ഒരു പുസ്‌തകത്തിന് അവാർഡ് നിർണയിക്കുന്ന കമ്മിറ്റി കൂടി. കുറ്റിപ്പുഴയായിരുന്നു ചെയർമാൻ. അംഗങ്ങൾ ഏറ്റവും കൂടുതൽ മാർക്കു കൊടുക്കുന്ന പുസ്തകത്തിന് അവാർഡ് കൊടുക്കാൻ തീരുമാനമായി. ഇതിനിടയിൽ കമ്മിറ്റി അംഗമായ ഒരു ജഡ്‌ജി താൻ നിർദ്ദേശിക്കുന്ന ഒരു സ്‌ത്രീയുടെ പുസ്തകത്തിന് അവാർഡ് കൊടുക്കണമെന്ന് നിർദ്ദേശിച്ചു. കമ്മിറ്റിയിൽ പിറുപിറുപ്പായി. കുറ്റിപ്പുഴ തന്റെ രണ്ടാം മുണ്ടും തോളിലിട്ടു പറഞ്ഞു:
''ഞാൻ പോവ്വാണ്."
ഭൂരിപക്ഷം അംഗങ്ങളും കുറ്റിപ്പുഴയുടെ അഭിപ്രായത്തോടു യോജിച്ചു. ഏറ്റവും കൂടുതൽ വോട്ടു നേടിയ പുസ്തകത്തിനു തന്നെ അവാർഡ് കൊടുക്കുവാൻ തീരുമാനമായി. അന്ന് അവാർഡ് നേടിയ പുസ്തകം സി. രാധാകൃഷ്ണന്റെ 'തേവിടിശ്ശി" എന്ന നോവലായിരുന്നു.
അന്ത്യകാലത്ത് ആശുപത്രിയിൽക്കിടന്നപ്പോൾ ചെറുപ്പക്കാർ തങ്ങൾക്കു വെളിച്ചം പകർന്നു തന്ന ആ മനീഷിയെ ശുശ്രൂഷിക്കാനെത്തി. കുടുംബമില്ലാത്ത കുറവ് അദ്ദേഹത്തിന് അനുഭവപ്പെട്ടില്ല. ചിന്താലോകത്തെ ഈ അഗ്നിനാളം അണഞ്ഞപ്പോൾ എസ്.എൻ.ഡി.പി വക ശ്മശാനത്തിലാണ് സംസ്കരിച്ചത്. മതപരമായ യാതൊരു ചടങ്ങുമില്ലാതെ ചിതാഭസ്‌മം വയലിൽ വിതറുക മാത്രമാണുണ്ടായത്. കുടുംബാംഗങ്ങളായി ആരുമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരം കേരള സാഹിത്യ അക്കാഡമിക്കു കൈമാറി.
ബർട്രൻഡ് റസൽ പറഞ്ഞതുപോലെ സ്നേഹം പ്രചോദിപ്പിക്കുകയും ജ്ഞാനം വഴികാട്ടുകയും ചെയ്യുന്ന ജീവിതമാണ് ഉത്തമജീവിതം. കുറ്റിപ്പുഴയുടെ ജീവിതം അത്തരത്തിലുള്ള ഒന്നായിരുന്നു.
ലേഖകന്റെ ഫോൺ: 0471 - 2450429