
തിരുവനന്തപുരം: ഭരണപരാജയത്തിന്റെ ജാള്യത മായ്ക്കാനുള്ള പി.ആർ തന്ത്രമാണ് കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞ കാര്യങ്ങൾ രണ്ടാം നൂറുദിന കർമ്മപരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പരമാവധി നിയമനങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ആദ്യ നൂറുദിന കർമ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാൽ രണ്ടാമത്തേതിൽ പി.എസ്.സിയെക്കുറിച്ചൊന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഇരുനൂറ്റി അൻപതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളുമടക്കം വെട്ടിക്കുറച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും പിൻവാതിലിലൂടെയുള്ള കരാർ നിയമനങ്ങളാണ് നടക്കുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതികളൊന്നും കർമ്മ പരിപാടിയിലില്ല. കെ-ഫോൺ പദ്ധതിയിൽ നിന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സൗജന്യ ഇന്റർനെറ്റ് നൽകാനായിട്ടില്ല. സ്വപ്ന സുരേഷിന്റെ ഭർത്താവിനടക്കം നിയമനം നൽകാനുള്ള ലാവണം മാത്രമായി കെ- ഫോൺ. വിചിത്രമായ മാനദണ്ഡങ്ങൾ ചേർത്ത് ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കിയ ലൈഫ് മിഷനിലെ പാളിച്ച പരിഹരിക്കാൻ 2020 ജൂലായ് ഒന്നിന് അപേക്ഷ ക്ഷണിച്ചതനുസരിച്ച് ലഭിച്ച 9,20,261 അപേക്ഷകളിൽ നിന്ന് അന്തിമ ലിസ്റ്റ് ഇതുവരെ തയ്യാറാക്കിയിട്ടില്ല. എന്നിട്ടിപ്പോൾ പുതിയ വാഗ്ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണ്.