peru

എഴുതാനിരിക്കുമ്പോൾ പെരുമ്പടവം ശ്രീധരന് അല്ലീ എന്നൊരു വിളിയുണ്ട്. അപ്പോൾ ഏത്ര തിരക്കാണെങ്കിലും ഓടിയെത്തും രണ്ടാമത്തെ മകളായ അല്ലി ടൈറ്റസ്. അച്ഛൻ പറയുന്ന വാക്കുകൾ കടലാസിലാക്കുന്നത് അല്ലിയാണ്. പ്രീഡിഗ്രി കാലത്ത് തുടങ്ങിയതാണ് കേട്ടെഴുത്ത്. അല്ലിയും സഹോദരൻ ശ്രീകുമാറുമായിരുന്നു കോപ്പി റൈറ്റേഴ്സ്.

ചാച്ചൻ (അച്ഛനെ മക്കൾ അങ്ങനെയാണ് വിളിക്കുന്നത്) പറയുന്നത് വള്ളിപുള്ളി തെറ്റാതെ എഴുതുന്നു എന്നല്ലാതെ അതിൽ എന്റെ വലിയ പങ്കൊന്നുമില്ല. എനിക്ക് ചാച്ചൻ തന്നെയാണ് ഹീറോ. എല്ലാ പെൺമക്കൾക്കും അങ്ങനെ തന്നെ ആയിരിക്കുമല്ലോ...

കുട്ടിക്കാലത്തൊന്നും ചാച്ചനെ മിസ് ചെയ്യുന്ന അനുഭവം ഉണ്ടായിട്ടേയില്ല. എഴുത്തും സാംസ്കാരിക പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ചാച്ചൻ എപ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഒരു കാര്യത്തിലും നിർബന്ധബുദ്ധി ഇല്ല. ജാതിയും മതവുമൊന്നും ഒരിക്കലും ഇൗ വീട്ടിൽ വിഷയമായിട്ടില്ല. വിവാഹത്തിനും ഞങ്ങളുടേതായ സ്വാതന്ത്ര്യം അനുവദിച്ചു. അമ്മ ചില കാര്യങ്ങളിൽ കർക്കശമായിരുന്നു. അച്ഛൻ വഴക്കുപോലും പറയുമായിരുന്നില്ല. അമ്മയുണ്ടായിരുന്നപ്പോൾ അച്ഛൻ എഴുതുന്നതു വായിച്ച് അവർ നടത്തുന്ന ചർച്ചകൾ ഞങ്ങൾ നോക്കിയിരിക്കും. ഏത് വിഷയവും വളരെ ആഴത്തിലാവും ചർച്ച ചെയ്യുക. അമ്മ സുഖമില്ലാതെ കിടന്നപ്പോഴും ചാച്ചനാണ് നോക്കിയത്. അമ്മ പോയതോടെ ചാച്ചൻ വിഷമത്തിലായി. വീണ്ടും എഴുത്തിന്റെ വഴിയിലെത്തിയത് സുഹൃത്തുക്കളുടെ കൂടി നിർബന്ധം കൊണ്ടാണ്.

എഴുതിക്കഴിഞ്ഞ് ചാച്ചൻ അഭിപ്രായം ചോദിക്കും. ഒരിക്കൽ പോലും ഒരു തിരുത്ത് പറയേണ്ടി വന്നിട്ടില്ല. അത്ര കൃത്യമാണ് വാക്കും ചിന്തകളും. അമ്മ മരിച്ചതോടെയാണ് ഞാനും ഭർത്താവ് ടൈറ്റസ് എബ്രഹാമും മകൻ അഭിലാഷും ചാച്ചനൊപ്പം നിൽക്കാൻ തുടങ്ങിയത്. എഴുത്തിന് കൃത്യമായി ഒരു സമയമില്ലെങ്കിലും രാത്രിയിൽ എഴുതുന്നതാണ് കൂടുതൽ ഇഷ്ടം. പുറത്ത് എത്ര ബഹളം നടന്നാലും എഴുത്തുമുറിയിൽ കയറിയാൽ പിന്നെ ചുറ്റുമുള്ളതൊന്നും ചാച്ചനെ ബാധിക്കില്ല.