kallambalam-apkadam

കല്ലമ്പലം: കല്ലമ്പലത്ത് വഴി വാണിഭവും അനധികൃത പാർക്കിഗും മൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെറുതും വലുതുമായി 150ൽപ്പരം അപകടങ്ങളാണ് നടന്നത്. 12 പേർ മരിച്ചു. 200 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ജീവച്ഛവമായി ഇപ്പോഴും ചികിത്സയിൽ കഴിയുന്നത്‌ നിരവധിപേരാണ്. ദേശീയപാതയിൽ ആറ്റിങ്ങലിനും പാരിപ്പള്ളിക്കും മദ്ധ്യേയുള്ള പ്രധാന പട്ടണമാണ് കല്ലമ്പലം. വഴി വാണിഭവും അനധികൃത പാർക്കിംഗും ആണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്തിരിക്കുന്നതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നതിനാൽ കാൽനട യാത്രികർ അപകടത്തിൽ പെടുന്നത് പതിവാണ്. ഇന്നലെയും കാൽ നടയത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ട്‌ യുവാക്കളുടെ ജീവൻ പൊലിഞ്ഞത്.

അനധികൃത പാർക്കിംഗിന് പുറമേ വഴിയോര കച്ചവടങ്ങൾ കൂടി തകൃതിയാണ്. ഏറെനാളായി നാട്ടുകാരെയും യാത്രക്കാരെയും അലട്ടുന്ന അഴിയാക്കുരുക്കിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്കാകുന്നില്ല. കരവാരം, നാവായിക്കുളം, ഒറ്റൂർ തുടങ്ങി മൂന്ന് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കല്ലമ്പലം ജംഗ്ഷൻ പഞ്ചായത്തുകളുടെ വരുമാനത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും ഇവർ കല്ലമ്പലത്തെ അവഗണിച്ചിരിക്കുകയാണ്.

കുത്തഴിഞ്ഞ് ട്രാഫിക് സിഗ്നൽ

സിഗ്നൽ ലൈറ്റുകൾ വെറും നോക്കുകുത്തിയായി മാറിയിട്ട് വർഷങ്ങൾ പലതുകഴിഞ്ഞു. കല്ലമ്പലം ജംഗ്ഷനിൽ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി അടക്കം ബസുകൾ പാർക്ക് ചെയ്യുന്നത് റോഡിലും പെട്രോൾ പമ്പിനു സമീപവും തോന്നിയപടിയാണ്. ഇവിടെ അപകടം പതിയിരിക്കുന്നത് പലവിധത്തിലാണ്. അലക്ഷ്യമായി കെ.എസ്.ആർ ടി.സി ഉൾപ്പെടെ വാഹനങ്ങളുടെ സഞ്ചാരവും അനധികൃത പാർക്കിംഗും നടപ്പാതയിലെ വഴിവാണിഭവും ഈ പട്ടണത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു.

വഴിനടക്കാൻ വയ്യ

പല സ്ഥാപനങ്ങളും ഫുട്പാത്ത് കൈയേറിയാണ്‌ വ്യാപാരം. കാൽനടയാത്രികർക്ക് വശങ്ങളിലൂടെയോ റോഡിലൂടെയോ പോലും നടക്കാൻ കഴിയില്ല. ഏതുവഴി നടന്നാലും നാലുപാടും നോക്കിയില്ലെങ്കിൽ വഴിയിൽ കച്ചവടസ്ഥാപനങ്ങളിൽ നിൽക്കുന്ന ഉപഭോക്താക്കളെ തട്ടി റോഡിലേക്ക് വീഴുകയോ റോഡിൽ കാലെടുത്തു വച്ചാൽ ചീറിപാഞ്ഞു പോകുന്ന വാഹനം തട്ടിയോ അപകടം ഉറപ്പ്. അപകടങ്ങളിൽ പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും യാത്രികരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും മൂലം ഗതാഗതം വരെ മണിക്കൂറുകൾ തടസ്സപ്പെടുന്നുണ്ട്.

അപകടം പതിവ്

അനധികൃത വഴി വാണിഭം വർദ്ധിച്ചതോടെ കടവാടകയും വൈദ്യുതി ചാർജും ലൈസൻസ് ഫീസും നൽകി വ്യാപാരം ചെയ്യുന്നവർക്ക് വ്യാപാരം നന്നേ കുറവാണെന്നും ഇതൊന്നും നൽകാതെ വഴിയോര കച്ചവടം നടത്തുന്നവർക്ക് വില കുറച്ചു നൽകാനാകുമെന്നും ഇതുവഴി ഇവരുടെ വ്യാപാരം പൊടിപൊടിക്കുന്നതായും അംഗീകൃത വ്യാപാരികൾ പറയുന്നു. കല്ലമ്പലത്തെ വഴി വാണിഭങ്ങൾക്കെതിരെയും വ്യാപാരികൾ റോഡ്‌ കൈയ്യേറുന്നതിനെതിരെയും അനധികൃത പാർക്കിംഗിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.