
ലോകത്തിന് മാതൃകയായി അച്ചടക്കത്തോടെ ജോലിചെയ്യുന്ന രംഗമാണ് ഇന്ത്യൻ സൈന്യത്തിന്റേത്. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിച്ച് നാടിനെ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്ത് പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ സൈനികർ നമ്മുടെ തന്നെ രക്ഷകരായി മാറും. കേരളത്തിൽ പ്രളയകാലത്ത് സൈനികർ ചെയ്ത രക്ഷാപ്രവർത്തനം എത്ര ശ്ലാഘിച്ചാലും മതിയാവില്ല. കഴിഞ്ഞ ദിവസം മലമ്പുഴയിൽ അവർ നടത്തിയ രക്ഷാദൗത്യം ഏറെക്കാലം നമ്മുടെ മനസിൽ തങ്ങിനിൽക്കാൻ പോന്നതാണ്. ചെങ്കുത്തായ മലയുടെ ഒരു ഭാഗത്ത് കുടുങ്ങിപ്പോയ മലമ്പുഴ ചെറാട് സ്വദേശി ബാബുവിനെ, പ്രതികൂല സാഹചര്യങ്ങളോടും പ്രതിബന്ധങ്ങളോടും പൊരുതി നിശ്ചയദാർഢ്യത്തോടെ രക്ഷിച്ച് താഴെയെത്തിച്ച സൈനികരുടെ പ്രവർത്തന മികവിനെ നാട് ഒന്നാകെ സ്തുതിച്ചു.
അപകടമുണ്ടായ ആദ്യ ദിവസം തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേനയുടെ സംഘം തുടങ്ങിയവ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടായതിനാലും മറ്റ് പല പ്രതിബന്ധങ്ങളാലും ശ്രമം വിജയിച്ചില്ല. ദേശീയ ദുരന്തനിവാരണ സേന നടത്തിയ ശ്രമവും ഫലവത്തായില്ല. ഇത്തരം സന്ദർഭങ്ങളിൽ അങ്ങനെയൊക്കെ സംഭവിക്കാം. ഇതൊന്നും അവരുടെ കുറ്റമായി ചൂണ്ടിക്കാണിക്കുന്ന പ്രവണത ഭൂഷണമല്ല. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ശക്തമായ കാറ്റ് കാരണം പിന്മാറേണ്ടിവന്നു.
ചൊവ്വാഴ്ച രാത്രിയാണ് ബംഗളൂരുവിൽ നിന്നും ഉൗട്ടിയിൽ നിന്നുമായി കരസേനയുടെ രണ്ട് സംഘങ്ങൾ സംഭവസ്ഥലത്തെത്തിയത്. ഒരു നിമിഷം പോലും പാഴാക്കാതെ അവർ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 15 സൈനികരാണ് സാധനസാമഗ്രികളും മറ്റും ചുമന്ന് രാത്രി തന്നെ മലകയറിയത്. രാത്രിതന്നെ കയറിൽ തൂങ്ങിയിറങ്ങിയ സൈനികർ ബാബുവിന്റെ അരികിലെത്തി രക്ഷിക്കുമെന്ന് ഉറപ്പ് നൽകിയത് ആ യുവാവിന്റെ ആത്മവിശ്വാസം ഉയർത്താൻ കുറച്ചൊന്നുമല്ല സഹായിച്ചത്. പറഞ്ഞവാക്ക് അക്ഷരം പ്രതി പാലിച്ചുകൊണ്ട് ബുധനാഴ്ച രാവിലെ യുവാവിനെ സൈന്യം രക്ഷിച്ച് മലമുകളിലെത്തിച്ചു. മലയാളികൾ നെഞ്ചിടിപ്പോടെ കാത്തുനിന്ന 46 മണിക്കൂറുകൾക്കാണ് ഇതോടെ ശമനമായത്. സൈന്യവും ദുരന്തപ്രതിരോധ സേനയും എവറസ്റ്റ് കീഴടക്കിയവർ ഉൾപ്പെടെയുള്ള പർവതാരോഹകരും അടങ്ങിയ വലിയ സംഘമാണ് ഒരു ജീവൻ രക്ഷിക്കാൻ കൈകോർത്തത്. പ്രാർത്ഥനയും മറ്റ് സഹായങ്ങളുമായി മലയ്ക്ക് താഴെ തമ്പടിച്ചുനിന്ന നാട്ടുകാർ വഹിച്ച പങ്കും നിസാരമല്ല. കമാൻഡോ സംഘത്തിലെ ബാലകൃഷ്ണൻ എന്ന സൈനികൻ റോപ്പിലൂടെ താഴേക്കിറങ്ങി യുവാവിനെ സ്വന്തം ശരീരവുമായി ബന്ധിച്ചാണ് മലകയറി എത്തിയത്.
നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വിവിധ രക്ഷാസംഘങ്ങൾക്ക് കൂടുതൽ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ സംഭവം വിരൽചൂണ്ടുന്നു. അതോടൊപ്പം തന്നെ ഇത്തരം പ്രദേശങ്ങളിൽ പ്രവേശനം വിലക്കേണ്ടതിലേക്കും അധികാരികളുടെ ശ്രദ്ധ പതിയണം. സ്വന്തം ജീവൻ ഏതു നിമിഷവും വെടിഞ്ഞുകൊണ്ടും രാജ്യത്തെ രക്ഷിക്കാനുള്ള ത്യാഗസമ്പന്നതയാണ് പട്ടാളക്കാരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. മലമ്പുഴയിൽ നടത്തിയ വിസ്മയകരമായ രക്ഷാദൗത്യത്തിലൂടെ അവർ കേരളത്തിന്റെ ഹൃദയത്തെ തന്നെയാണ് സ്പർശിച്ചത്.