
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കപ്പെട്ടത് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞു എന്നതാണ്. മികച്ച ഭൂരിപക്ഷത്തോടെ രണ്ടാം ഉൗഴം സാദ്ധ്യമായതിനു പിന്നിലും ഈ നേട്ടം തന്നെയാണ് പ്രധാനമായും സഹായിച്ചത്. ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന രണ്ടാം പിണറായി സർക്കാർ പുതിയ നൂറുദിന കർമ്മപരിപാടികളുമായാണ് ജനങ്ങളുടെ മുന്നിലെത്തുന്നത്. മേയ് 20ന് ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ പൂർണമായും പൂർത്തീകരിക്കാനാവുന്നതോ തുടങ്ങിവയ്ക്കുകയോ ചെയ്യുന്ന ആയിരത്തിഅഞ്ഞൂറിലധികം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 17183 കോടി രൂപയാണ് ഈ പദ്ധതികൾക്കായി ചെലവഴിക്കുന്നത്.
എല്ലാ പദ്ധതികളിലുമായി 4.64 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകാനാവുമെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. വൈദ്യുതി, ജലവിഭവം, തദ്ദേശ സ്ഥാപനങ്ങൾ, കൃഷി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടാകും ഏറെ തൊഴിലവസരങ്ങൾ. മൊത്തം പതിനേഴരലക്ഷം തൊഴിൽ ദിനങ്ങൾ ഈ നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കാൻ കഴിയുമെന്ന അവകാശവാദം സാദ്ധ്യമാകണമെങ്കിൽ എണ്ണയിട്ടയന്ത്രം കണക്കെ സർക്കാരിന്റെ ഓരോ ഘടകവും അക്ഷീണം പ്രയത്നിക്കേണ്ടിവരും.
റേഷൻ ഉൾപ്പെടെ സർക്കാരിന്റെ പല സേവനങ്ങളും വാതിൽപ്പടിയിലെത്തിക്കാൻ സംവിധാനമൊരുക്കുമെന്ന് വാഗ്ദാനമുണ്ട്. വാതിൽപ്പടിക്കൽ കൊണ്ടുവന്നു തന്നില്ലെങ്കിലും സേവനം തേടി ഓഫീസുകളിലെത്തുന്നവരോട് അല്പം കരുണ കാണിക്കണമെന്നേ പ്രാർത്ഥനയുള്ളൂ. സേവനനിഷേധത്തിന്റെ നൊമ്പരക്കഥകൾ എത്രവേണമെങ്കിലുമുണ്ട്.ആദ്യ നൂറുദിന കർമ്മപരിപാടികളിലുൾപ്പെട്ടു പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമടക്കമാണ് പുതിയ നൂറുദിന പദ്ധതിയിലുള്ളത്. സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ കെ - ഫോൺ ഒന്നാം വാർഷികത്തിനു മുമ്പുതന്നെ ജനങ്ങളിലെത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. 140 നിയമസഭാ മണ്ഡലങ്ങളിൽ നൂറുവീതം കുടുംബങ്ങൾക്കും മുപ്പതിനായിരം സർക്കാർ ഓഫീസുകൾക്കും ആദ്യഘട്ടത്തിൽ കണക്‌ഷൻ നൽകും. പദ്ധതി പൂർത്തിയാകുമ്പോൾ സംസ്ഥാനത്തൊട്ടാകെ ഏറ്റവും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നത് വലിയ നേട്ടം തന്നെയാണ്. ലൈഫ് മിഷൻ വഴി നിർമ്മിച്ച ഇരുപതിനായിരം വീടുകളും മൂന്ന് പാർട്ടിട സമുച്ചയങ്ങളും കൈമാറുന്നതാണ് നൂറുദിന പരിപാടിയിൽ മറ്റൊരു മുഖ്യ ഇനം. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അപേക്ഷകളുടെ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വകുപ്പുതല തർക്കങ്ങൾ പരിഹരിക്കാൻ ഏറെ ദിവസങ്ങൾ വേണ്ടിവന്നു. പട്ടികവിഭാഗം കുട്ടികൾക്കായി 2500 പഠന മുറികൾ, 15,000 പേർക്ക് പട്ടയം, 23 പുതിയ പൊലീസ് സ്റ്റേഷനുകളുടെ തറക്കല്ലിടൽ, 1500 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം, മത്സ്യത്തൊഴിലാളി ഭവനങ്ങളുടെ താക്കോൽദാനം, ശബരിമല ഇടത്താവള നിർമ്മാണം, ഇടുക്കിയിലെ എയർ സ്ട്രിപ്പ് ഉദ്ഘാടനം തുടങ്ങി അനവധി പരിപാടികൾ മേയ് 20-ന് മുമ്പ് നടക്കുന്നുണ്ട്.
പതിനായിരം ഹെക്ടറിൽ ജൈവകൃഷി നൂറുദിന കർമ്മപരിപാടിയിലെ മറ്റൊരു പ്രധാന ഇനമാണ്. അന്യനാടുകളിലെ വിഷസമൃദ്ധമായ പച്ചക്കറിയെ ആശ്രയിച്ചാണ് കേരളം കഴിയുന്നത്. ഇതിനു മാറ്റമുണ്ടാകണമെങ്കിൽ കഴിയുന്നത്ര ഇവിടെത്തന്നെ പച്ചക്കറി കൃഷി വികസിപ്പിച്ചേ മതിയാവൂ. കൃഷിക്കാർ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറിക്കും പഴങ്ങൾക്കും വേണ്ടത്ര വിപണി ഒരുക്കാൻ കൂടി സർക്കാർ താത്‌പര്യമെടുക്കണം.
കർമ്മപരിപാടികളുടെ കൂട്ടത്തിൽ വേമ്പനാട്ടു കായലിൽ ബണ്ട് നിർമ്മിക്കുന്ന ഒരിനമുണ്ട്. വിദഗ്ദ്ധരുമായി വേണ്ടത്ര ആലോചിച്ചു മാത്രം ചെയ്യേണ്ട കാര്യമാണിത്. ഇപ്പോൾത്തന്നെ രൂക്ഷമായ മലിനീകരണത്താൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കായലാണിത്. തണ്ണീർമുക്കം ബണ്ട് കുട്ടനാടിനെ നശിപ്പിച്ചതുപോലെയാകരുത് വേമ്പനാട്ടു കായലിലെ നിർദ്ദിഷ്ട ബണ്ട്. അനുഭവത്തിൽ നിന്നു വേണ്ടത്ര പാഠം പഠിച്ചുവേണം ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ.