
തിരുവനന്തപുരം: യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ഓരോ ജില്ലയിലും പത്ത് കാർഷിക ക്ളബുകൾ രൂപീകരിക്കാനുള്ള പദ്ധതിയുമായി യുവജനക്ഷേമ ബോർഡ്. ഏറെ അംഗീകാരം നേടിയ യൂത്ത് ആക്‌ഷൻ ഫോഴ്സിന്റെ തുടർച്ചയായാണ് പദ്ധതി. 14 ജില്ലകളിലുമായി തുടക്കത്തിൽ കുറഞ്ഞത് 1,400 യുവാക്കൾക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് മാർച്ചിൽ തുടക്കമാകും.
ഓരോ ക്ലബിലും കുറഞ്ഞത് 10 അംഗങ്ങൾ വേണം. യുവജനക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ ക്ളബുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ആനുകൂല്യങ്ങൾ നിരവധി
ക്ലബിലെ അംഗങ്ങളെ വിദഗ്ദ്ധർ ശാസ്ത്രീയ കൃഷി പരിശീലിപ്പിക്കും
ഓരോ ക്ലബിനും താത്പര്യമുള്ള വിളകൾ കൃഷിചെയ്യാൻ സഹായം
പഞ്ചായത്ത് കുളങ്ങൾ നവീകരിച്ച് മത്സ്യകൃഷി നടത്തും
മത്സ്യകുഞ്ഞുങ്ങളെ സൗജ്യനമായി നൽകും. മത്സ്യം മത്സ്യഫെഡ് വാങ്ങും
യുവകർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കും
മികച്ച കാർഷിക ക്ളബുകൾക്ക് അവാർഡ്
കൃഷിക്ക് സാമ്പത്തിക സഹായം
'യുവാക്കളെ കൃഷിയിൽ സജീവമാക്കുകയാണ് ലക്ഷ്യം. 30ക്ലബുകൾ രജിസ്റ്റർ ചെയ്തു. കൃഷിയുടെ പ്രാധാന്യം വരുംതലമുറയെ ബോദ്ധ്യപ്പെടുത്താം".
- എസ്. സതീഷ്, വെെസ് ചെയർമാൻ യുവജന ക്ഷേമ ബോർഡ്