science-conference

തിരുവനന്തപുരം: ശാസ്ത്രത്തെ മതവുമായി കൂട്ടിച്ചേർക്കാൻ കേരളത്തിൽ കൊണ്ടുപിടിച്ച ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 34-ാമത് കേരള ശാസ്ത്ര കോൺഗ്രസ് മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്രവും ആത്മീയതയും മതവുമെല്ലാം അതത് മേഖലകളിലാണ് പണ്ട് വ്യാപരിച്ചിരുന്നത്. എന്നാലിന്ന് ശാസ്ത്രവികസനത്തിനായി രൂപീകരിച്ച സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങൾക്ക് കുട പിടിക്കുന്ന കാഴ്ചയാണുള്ളത്. കെട്ടുകഥകളെ ശാസ്ത്ര സത്യമായി പ്രചരിപ്പിച്ചും, യഥാർത്ഥ ശാസ്ത്രത്തെ പിന്തള്ളിയും കപടശാസ്ത്രവാദികളെ ശാസ്ത്രസ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുമാണ് ശാസ്ത്രത്തെ അപകടത്തിലാക്കുന്നത്. ഈ കാലഘട്ടത്തിലും താഴെത്തട്ടിൽ മന്ത്രവാദവും നിധി കിട്ടാനായി നരബലിയും നടക്കുമ്പോൾ, മേൽത്തട്ടിലും ശാസ്ത്രത്തിനെതിരായ പ്രചാരണം നടക്കുന്നു. മഹാമാരിയെ കിണ്ണം കൊട്ടി ഓടിക്കാമെന്ന് പറയുന്നു. ഗണപതിയുടെ രൂപം പ്ലാസ്റ്റിക് സർജറിക്ക് തെളിവാണെന്ന് വാദിക്കുന്നു. ശാസ്ത്ര പ്രചാരണങ്ങളിലൂടെ മാത്രമെ ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തി നേടാനാകൂ. ഇത്തരം പ്രചാരണങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ വേദി കൂടിയാകണം ശാസ്ത്ര കോൺഗ്രസ്.

കെ-റെയിലും കെ- ഫോൺ പദ്ധതികളും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തും. ശാസ്ത്രമെന്നാൽ ശാസ്ത്രലോകത്തുള്ളവർക്കും ഗവേഷകർക്കും മാത്രമുള്ളതാണെന്ന ചിന്ത പൊളിച്ചെഴുതണം. ശാസ്ത്രത്തെ ജനകീയവത്കരിക്കുന്നതു പോലെ പ്രധാനമാണ് ഈ രംഗത്തെ കുത്തകവത്കരണത്തെ ചെറുക്കുന്നതും. ഒരു വ്യക്തിയോ സ്ഥാപനമോ നടത്തുന്ന കണ്ടുപിടിത്തം അവരുടേത് മാത്രമെന്ന് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിൽ അന്വേഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിന് അന്ത്യം കുറിക്കാൻ കേരളത്തിൽ 40 ലക്ഷം തൊഴിൽ സൃഷ്ടിക്കാനാണ് ഉദ്ദേശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുവ ശാസ്ത്ര അവാർഡ്, ഡോ. എസ്. വാസുദേവ് അവാർഡ്, ശാസ്ത്ര സാഹിത്യ അവാർഡ് എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്തു. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ അദ്ധ്യക്ഷനായി. സർക്കാരിന്റെ ശാസ്ത്ര ഉപദേശകൻ എം.സി. ദത്തൻ, മലങ്കര സിറിയൻ കാത്തലിക് ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കത്തോലിക്കാ ബാവ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, നാറ്റ്‌പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.