
കല്ലമ്പലം: വിപിന്റെയും രാജേഷിന്റെയും വേർപാട് വിശ്വസിക്കാനാകാതെ കൂട്ടുകാർ. വിപിന്റെ അടുത്ത ബന്ധുവായ രാജേഷ് കുമാർ വിപിന് ഉറ്റ ചങ്ങാതി കൂടിയാണ്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഇരുവരും നാവായിക്കുളത്ത് വലിയൊരു സൗഹൃദ വലയം സ്ഥാപിച്ചിരുന്നു. ഇന്നലെവരെ കൂട്ടത്തിൽ കളിച്ചുചിരിച്ചു നടന്ന ഇരുവരുടെയും വേർപാട് ഇനിയും ഉൾക്കൊള്ളാനാകാതെ വീർപ്പുമുട്ടുകയാണ് മറ്റു സുഹൃത്തുക്കൾ. കൊട്ടിയം ശീമാട്ടിക്ക് സമീപം കാരംകോട് ജംഗ്ഷനിൽ വാഹനങ്ങളുടെ സ്പ്രേ പെയിന്റിംഗ് ജോലി ചെയ്യുന്ന വർക്ക്ഷോപ്പ് വിപിൻ നടത്തിയിരുന്നെങ്കിലും കൊവിഡ് മൂലം വർക്ക്ഷോപ്പ് നഷ്ടത്തിലായതോടെ 8 മാസം മുൻപ് പൂട്ടിയിട്ടാണ് വീടിനോട് ചേർന്ന് ടാർപ്പ വലിച്ചുകെട്ടി ഷെഡുണ്ടാക്കി അതിനുള്ളിൽ സ്പ്രേ പെയിന്റിംഗ് ജോലികൾ ആരംഭിച്ചത്. സഹായത്തിന് ഒപ്പം കൂടിയതാണ് രാജേഷ്.
ജോലിയുടെ സൗകര്യാർത്ഥം നാവായിക്കുളം പൈവേലിക്കോണത്ത് ഒരു അകന്ന ബന്ധുവിന്റെ വീടും താമസത്തിന് കിട്ടി. ഭാര്യയും കുട്ടികളുമൊത്ത് അവിടെ താമസിക്കുകയും സ്പ്രേ പെയിന്റിംഗ് ജോലികളിൽ വിപിനെ സഹായിച്ചു വരികയുമായിരുന്നു. അടുത്ത ദിവസം പെയിന്റടിക്കേണ്ട കാറിന്റെ അവസാന മിനുക്കുപണികളും തീർത്ത് ബുധനാഴ്ച രാത്രി ബൈക്കിൽ കല്ലമ്പലത്ത് പോയി കൂട്ടുകാരുമൊത്ത് കഴിക്കാനുള്ള ഭക്ഷണം പാഴ്സൽ വാങ്ങി മടങ്ങവേയാണ് അപകടത്തിൽപ്പെട്ട് ഇരുവരും ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
ഭക്ഷണം വാങ്ങാൻ പോയ സുഹൃത്തുക്കളെ കാത്തിരുന്നവരെ കല്ലമ്പലം പൊലീസാണ് അപകട വിവരം അറിയിച്ചത്. കൂട്ടുകാരിൽ ചിലർ അപകടം അറിഞ്ഞതുമുതൽ പെയിന്റിംഗ് ഷെഡിനുള്ളിൽ നിർവികാരരായി ഇരുന്നു. മറ്റു ചിലർ ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്ത് മൃതദേഹം കിട്ടുന്നതുവരെ ആശുപത്രി പരിസരത്ത് തങ്ങി ഉച്ചയോടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.