ആറ്റിങ്ങൽ: വേനൽച്ചൂട് കടുത്തതോടെ ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ പരിധിയിൽ പുരയിടങ്ങളിൽ തീ പിടിത്തം പതിവാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 9 ഇടത്താണ് തീ പിടിച്ചത്. നാട്ടുകാരുടെ അശ്രദ്ധയാണ് തീപിടിത്തങ്ങൾക്ക് കാരണമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉണങ്ങിക്കിടക്കുന്ന കരിയിലകളും പുല്ലും കുറ്റിച്ചെടികളുമാണ് മിക്ക പുരയിടങ്ങളിലുമുള്ളത്. ചെറിയൊരു തീനാളം മതി അവയിൽ തീപിടിച്ച് പടരാൻ. കൂടാതെ കരിയില തൂത്തുകൂട്ടി തീയിടുന്ന പതിവും ഉണ്ട്. എന്നാൽ അത് ആളിക്കത്തി അണയ്ക്കാൻ കഴിയാത്ത തരത്തിൽ പുരയിടത്തിലും വൃക്ഷങ്ങളിലും പടർന്ന സംഭവവും ധാരാളമാണ്.

പുരയിടങ്ങളിലെ തീപിടിത്തം ആറ്റിങ്ങൽ ഫയർ ഫോഴ്സിന് ജോലിഭാരം വർദ്ധിപ്പിച്ചിരിക്കുകയാണ്. കത്തുന്നത് പുരയിടത്തിലാണെങ്കിലും അത് നിസാരമായി കാണാനാവില്ലെന്നും തീ നാലു ചുറ്റിലേക്കും പടർന്ന് പ്രദേശത്തെ വീടുകൾക്ക് നാശം വരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും നിശ്ചിത പരിധിക്കപ്പുറത്തേക്ക് തീ പടർന്നാൽ കെടുത്താൻ പ്രയാസമാണെന്നും ജീവനക്കാർ പറഞ്ഞു.

റബർ തോട്ടം വയലുകൾ എന്നിവിടങ്ങളിലാണ് തീ വേഗത്തിൽ ആളിപ്പടരുന്നത്. ഇവിടങ്ങളിൽ ചറവുകൾക്ക് തീയിടുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പലപ്പോഴും തീയിടുന്നവർക്ക് അപകടം സംഭവിക്കുന്നുണ്ടെന്നും അത് ഒഴിവാക്കി ജീവൻ സംരക്ഷിക്കാൻ കരുതൽ വേണമെന്നും ഫയർഫോഴ്സ് അറിയിച്ചു.