
തിരുവനന്തപുരം: നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച 2464.92 കോടിയുടെ പദ്ധതികളിൽ രണ്ടാം പിണറായി സർക്കാരിന് 70% വിജയം. വീടും, പട്ടയവും സ്കൂളും ആരോഗ്യവുമൊക്കെ പറഞ്ഞതിലുമേറെ വിജയിച്ചു. തൊഴിൽ സൃഷ്ടിക്കുന്നതിൽ പ്രഖ്യാപനത്തിന് അടുത്തെത്തി. വിദ്യാശ്രീ ലാപ്ടോപ്പും പീപ്പിൾസ് പമ്പും ലക്ഷ്യം കണ്ടില്ല. കൊവിഡ് രണ്ടാം തരംഗമാണ് തടസ്സമായത്. എങ്കിലും പ്രഖ്യാപനത്തിലെ ശേഷിച്ച പല പദ്ധതികളും പിന്നീട് പൂർത്തിയാക്കി.
സ്കൂൾ കുട്ടികൾക്ക് 50,000 ലാപ്ടോപ്പ് നൽകുന്ന പദ്ധതി നടപ്പാകാത്തത് വീഴ്ചയായി. കെ.എസ്.ആർ.ടി.സി.യുടെ ഉപയോഗമില്ലാത്ത സ്ഥലങ്ങളിൽ 75 പീപ്പിൾസ് പെട്രോൾ പമ്പ് പ്രഖ്യാപിച്ചെങ്കിലും നൂറ് ദിവസത്തിൽ തുടങ്ങിയത് എട്ടെണ്ണം മാത്രം. യാത്രക്കാർക്ക് സംസ്ഥാനമൊട്ടാകെ നൂറ് ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് പദ്ധതിയും ലക്ഷ്യത്തിലെത്തിയില്ല.
പ്രഖ്യാപനങ്ങളും ഫലവും
12,000 പട്ടയങ്ങൾ നൽകുമെന്ന് പ്രഖ്യാപനം
13,534 പട്ടയങ്ങൾ നൽകി
10,000 പേർക്ക് വീട് പ്രഖ്യാപനവും ലക്ഷ്യം പിന്നിട്ടു
12,067 പേർക്ക് വീടിന്റെ താക്കോൽ കൈമാറി
89,265 മൊബൈൽ സ്കൂൾ വിദ്യാർത്ഥികൾക്ക്
77,350 തൊഴിലുകൾ പ്രഖ്യാപിച്ചു
74,651തൊഴിലുകൾ സൃഷ്ടിച്ചു
പുതുമുഖ മന്ത്രിമാർക്കും അതിവേഗം
എല്ലാമേഖലകളുടെയും സമഗ്രവികസനമാണ് നൂറുദിന പദ്ധതിയിൽ ലക്ഷ്യമിട്ടത്. 32 വകുപ്പുകളിൽ പകുതിയിലേറെയും പ്രഖ്യാപിച്ച പദ്ധതികളെല്ലാം സമയത്ത് പൂർത്തിയാക്കി. കൊവിഡും ഭരണപരമായ പ്രശ്നങ്ങളും മൂലം നൂറ് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാകാത്ത പദ്ധതികൾ പലവകുപ്പുകളും പിന്നീടുള്ള ഏതാനും ആഴ്ചകളിൽ പൂർത്തിയാക്കി. പുതുമുഖ മന്ത്രിമാരായിട്ടും തുടക്കത്തിലേ ഭരണവേഗം കൂട്ടാൻ നൂറ് ദിനപദ്ധതി ഉതകിയെന്നാണ് വിലയിരുത്തൽ.
വിജയ മന്ത്രമായി നൂറ് ദിന ആശയം
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അവസാന വർഷമാണ് നൂറ് ദിനപദ്ധതികളെന്ന ആശയം വന്നത്. 2020 ആഗസ്റ്റിൽ ഒാണസമ്മാനമായും ഡിസംബറിൽ ക്രിസ്മസ് സമ്മാനമായും 2021ൽ പുതുവൽവസരസമ്മാനമായി പത്തിന പദ്ധതിയും പ്രഖ്യാപിച്ചു. ഭരണതുടർച്ച കിട്ടിയ ഉടനെ 2021ജൂൺ 11ന് ഒന്നാം നൂറ് ദിനപദ്ധതിയും ഫെബ്രുവരി 9ന് രണ്ടാം നൂറ് ദിനപദ്ധതിയും പ്രഖ്യാപിച്ചു.
ഒന്നാം നൂറ് ദിനപദ്ധതി
2021 ജൂൺ 11- സെപ്തംബർ 19
ആകെ വകുപ്പ് 32
പദ്ധതികൾ 178
പൂർത്തിയായത് 120
അനുബന്ധ പദ്ധതികൾ 232
പൂർത്തിയായത് 175