
തിരുവനന്തപുരം : കേരളത്തെ ലഹരിയുടെ കേന്ദ്രമെന്ന് ചിത്രീകരിക്കാനുള്ള നിക്ഷിപ്ത ശ്രമങ്ങൾ തിരിച്ചറിയണമെന്നും രാഷ്ട്രീയ വിദ്വേഷം കൊണ്ട് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്ന ശൈലി മാറ്റാൻ പ്രതിപക്ഷ കക്ഷികൾ തയ്യാറാവണമെന്നും എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. ഈ വസ്തുത മറച്ചുവച്ചുകൊണ്ടാണ് ചിലർ കുപ്രചാരണങ്ങളിലേർപ്പെടുന്നത്.
ന്യൂജെൻ മയക്കുമരുന്നുകളുടെ ഉപയോഗവും ഉപഭോഗവും തടയുന്നതിനുള്ള തീവ്രയത്നത്തിലാണ് എക്‌സൈസ് വകുപ്പ്. കേരളത്തെ മയക്കുമരുന്ന് ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തെ ഇല്ലാതാക്കാൻ സർക്കാരിന് സാധിക്കുന്നുണ്ട്. ഇത്തരം വസ്തുതകൾ മറച്ചുവച്ചാണ് തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെന്നും മന്ത്രി പറഞ്ഞു.
ജനുവരിയിയിലെ
ലഹരി വേട്ട
ജനുവരിയിൽ മാത്രം 1540 അബ്കാരി കേസ്സുകളിലായി 249 ലിറ്റർ ചാരായവും 4106 ലിറ്റർ വിദേശമദ്യവും 1069 ലിറ്റർ അന്യസംസ്ഥാന വിദേശമദ്യവും 22,638 ലിറ്റർ വാഷും പിടികൂടി. 257 പേരെയാണ് അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 367 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 291 കിലോഗ്രാം കഞ്ചാവ്, 17.4 കിലോഗ്രാം ഹാഷിഷ്, 615 ഗ്രാം എം.ഡി.എം.എ, 156 ഗ്രാം നാക്കോട്ടിക് ഗുളികകൾ മുതലായവ പിടിച്ചെടുത്തു. 4554 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് 15,06,800 രൂപ പിഴ ചുമത്തി.