lsgd-common-servive

തിരുവനന്തപുരം: തദ്ദേശഭരണ വകുപ്പിൽ ഫയൽ നീക്കം വേഗത്തിലാക്കാനും ചുവപ്പുനാട ഒഴിവാക്കാനും ത്രിതല സംവിധാനം വരുന്നു. ഓപ്പറേറ്റർ, വെരിഫയർ, അപ്രൂവർ/ഡിസിഷൻ മേക്കർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ മൂന്നുതലങ്ങളായി തിരിച്ച് ചുമതല നൽകും. അഞ്ചു വകുപ്പുകളെ ഏകീകരിച്ച് തദ്ദേശ പൊതുസർവീസ് നടപ്പാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സംസ്ഥാന, ജില്ലാതല ഓഫീസുകളുടെ പ്രവർത്തന മാർഗരേഖയുടെ കരടിലാണ് ഇതുള്ളത്. പൊതുസർവീസ് നിലവിൽ വരുന്നതിനൊപ്പം ഇതും പ്രാവർത്തികമാകും.

ഫ്രണ്ട് ഓഫീസിൽ ഒരു അപേക്ഷ ലഭിച്ചാൽ അത് സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർക്കുള്ളിൽ അതിൽ തീർപ്പുണ്ടാക്കുന്ന രീതിയിലാകും സംവിധാനം. ഫ്രണ്ട് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഓപ്പറേറ്ററായും മേൽനോട്ടച്ചുമതലയുള്ളയാൾ വെരിഫയറായും പ്രവർത്തിക്കും. തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥനാണ് അപ്രൂവർ. സർക്കാരിന്റെ നയപരമായ തീരുമാനവും പ്രത്യേക സാങ്കേതികാനുമതിയും ആവശ്യമില്ലാത്ത എല്ലാ ഫയലുകളും ഇത്തരത്തിൽ തീർപ്പാക്കാം.

പുതിയ സംവിധാനത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ഫ്രണ്ട് ഓഫീസിന്റെ ചുമതല സീനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും തപാൽ, ഡെസ്‌പാച്ച് വിഭാഗത്തിന്റെ മേൽനോട്ടം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനുമായിരിക്കും. ജില്ലാ ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് ചുമതല ജൂനിയർ സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനും തപാൽ, ഡെസ്‌പാച്ച് മേൽനോട്ടം അസി.ഡയറക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനുമായിരിക്കും. ഡയറക്ടറേറ്റിൽ നിന്ന് ആവശ്യപ്പെട്ടുന്ന റിപ്പോർട്ടുകൾ ജില്ലാതലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് തയ്യാറാക്കണമെന്നും താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ കൊണ്ട് റിപ്പോർട്ട് തയ്യാറാക്കി വാങ്ങുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കരടിലുണ്ട്.

ഏകീകരണം: പ്രഖ്യാപനം 19ന്

അഞ്ച് വകുപ്പുകൾ ഏകീകരിച്ച് തദ്ദേശ പൊതുസർവീസ് നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പഞ്ചായത്ത് ദിനമായ ഈ മാസം 19ന് നടക്കും. ഇതോടെ ഈവർഷം മുതൽ ഫെബ്രുവരി 19 തദ്ദേശ ദിനമായി മാറും. പഞ്ചായത്ത്, നഗര-ഗ്രാമാസൂത്രണം, നഗരകാര്യം, ഗ്രാമവികസനം, തദ്ദേശ എൻജിനിയറിംഗ് വകുപ്പുകളാണ് സംയോജിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ അർബൻ, ഡയറക്ടർ റൂറൽ, ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനിയർ, അഡിഷണൽ- ജോയിന്റ് ഡയറക്ടർമാർ എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ജില്ലാ ഓഫീസുകൾ ജോയിന്റ് ഡയറക്ടർമാർക്ക് കീഴിലായിരിക്കും. വകുപ്പ് ഏകീകരണവുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ റൂൾ തയ്യാറാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. അടുത്ത മന്ത്രിസഭായോഗം പരിഗണിച്ചേക്കും.